നഴ്‌സുമാരുടെ ശമ്പള പരിഷ്കരണത്തിന് സ്റ്റേയില്ല
text_fields
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം സിംഗിൾബെഞ്ച് അനുവദിക്കാത്തതിനെതിരെ ആശുപത്രി ഉടമകൾ നൽകിയ അപ്പീൽ ഹരജി ഹൈകോടതി തള്ളി. നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി ഏപ്രിൽ 23ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പാക്കിയാൽ ആശുപത്രികളുടെ നിലനിൽപ് പ്രതിസന്ധിയിലാകുമെന്നും അതിനാൽ വിജ്ഞാപനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയർമാൻ ഹുസൈൻ കോയ തങ്ങളും ഹരജി നൽകിയിരുന്നു. ഹരജി പരിഗണിക്കവേ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹരജിക്കാർ ഉന്നയിച്ചെങ്കിലും സിംഗിൾബെഞ്ച് അനുവദിച്ചില്ല. വിശദമായ വാദം കേട്ടശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. ഇതിനെതിരെ ഹരജിക്കാർ നൽകിയ അപ്പീലാണ് തള്ളിയത്.
മിനിമം വേതന നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് വെള്ളിയാഴ്ച അപ്പീൽ ഹരജി പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും നിലപാട് തേടുകയും ചെയ്തിരുന്നു. അതിനാൽ, വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്ന് സർക്കാറിന് വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ ആവശ്യപ്പെട്ടു. ഇൗ വാദം അംഗീകരിച്ച കോടതി സിംഗിൾബെഞ്ച് നിലപാടിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്. സറ്റേ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്ന ഒരു കാര്യവും അസോസിയേഷന് സമർപ്പിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
നടപടി ക്രമങ്ങളൊന്നും പാലിക്കാതെ കഴിഞ്ഞ മാസം 23ന് രാത്രിയിലാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം. മിനിമം വേതനം നിയമപ്രകാരം കിടക്കകളുടെ എണ്ണത്തിന് അനുസരിച്ച് ആശുപത്രികളെ വേര്‍തിരിക്കാന്‍ കഴിയില്ല. 2009ലെ മിനിമം വേതന വ്യവസ്ഥയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്. ഡോ. ജഗദീഷ് പ്രസാദ്് കമ്മിറ്റി റിപോർട്ടില്‍ നടപടികളൊന്നും സ്വീകരിക്കരുതെന്ന് 2016 ഫെബ്രുവരിയില്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിേപ്പാർട്ടിലെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. പുതിയ വിജ്ഞാപന പ്രകാരമുള്ള ശമ്പളം 2017 ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണ്. ഇതെല്ലാം പരിഗണിച്ച് വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷൻ, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ, അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സ്പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റൂഷൻസ്, അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് പ്രൊവൈഡേഴസ്, വിജ്ഞാപനത്തിെൻറ പരിമിതികളെ ചോദ്യം ചെയ്ത് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്നിവയും കോടതിയെ സമീപിച്ചിട്ടുണ്ട്. മധ്യവേനലവധിക്ക് ശേഷം പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷെൻറ ഹരജി ഇൗ ഹരജികൾക്കൊപ്പം സിംഗിൾബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.