'തൊഴിൽ കുംഭകോണം'; സെറിഫെഡിൽ 300 പേരെ നിയമിച്ചതിൽ പ്രതികരണവുമായി ഹൈകോടതി
text_fieldsകൊച്ചി: കേരള സ്റ്റേറ്റ് സെറികൾചർ കോഓപറേറ്റിവ് അപെക്സ് സൊസൈറ്റിയിൽ (സെറിഫെഡ്) 300 ജീവനക്കാരെ നിയമിച്ചതും ഇവരിൽ 271 പേരെ പിന്നീട് സർക്കാർ സർവിസിലും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലും മാറ്റി നിയമിച്ചതും ഏറ്റവും വലിയ തൊഴിൽ കുംഭകോണങ്ങളിൽ ഒന്നാണെന്ന് ഹൈകോടതി. സെറിഫെഡിന്റെ തകർച്ചക്കുകാരണമായ ഈ തൊഴിൽ തട്ടിപ്പ് അന്വേഷിച്ച് ഉചിത നടപടിയെടുക്കണമെന്നും ഉത്തരവിട്ടു. സെറിഫെഡ് പ്രവർത്തനം നിർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സെറിഫെഡ് ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹരജികളിൽ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
സെറിഫെഡ് പുനരുജ്ജീവിപ്പിക്കേണ്ടതില്ലെന്ന 2017ലെ സർക്കാർ ഉത്തരവും ഇതിന് ഫണ്ട് നൽകേണ്ടെന്ന 2020ലെ ഉത്തരവും റദ്ദാക്കി. ചീഫ് സെക്രട്ടറി 2017ൽ വിളിച്ച യോഗത്തിൽ തീരുമാനിച്ച മൂന്നംഗ സമിതിയിലേക്ക് സെൻട്രൽ സിൽക്ക് ബോർഡ്, സെറിഫെഡ്, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ അംഗങ്ങളെ നിർദേശിക്കണം. ഈ സമിതി സെറിഫെഡ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകൾ, പട്ടുനൂൽപ്പുഴു കൃഷി, നെയ്ത്ത് തുടങ്ങിയ കാര്യങ്ങളിൽ നാലുമാസത്തിനകം വിശദ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിക്കണം. രണ്ടു മാസത്തിനുള്ളിൽ ഈ റിപ്പോർട്ടിൽ നടപടിയെടുക്കണമെന്നും ഹൈകോടതി വിധിച്ചു.
നടന്നത് വമ്പൻ തൊഴിൽ തട്ടിപ്പ്
സർക്കാർ നാമനിർദേശം ചെയ്ത സെറിഫെഡ് ഡയറക്ടർ ബോർഡ് 300 ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചു. ഇരുപത്തഞ്ചിലധികം ജീവനക്കാർ ആവശ്യമില്ലാത്ത സാഹചര്യത്തിലാണ് ജില്ലകൾ തോറും ഓഫിസ് തുറന്ന് നിയമനം നടത്തിയത്. തുടർന്ന് സെറിഫെഡ് പ്രതിസന്ധിയിലായതോടെ 271 പേരെ സർക്കാർ സർവിസിലേക്കും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലേക്കും മാറ്റി. ഇവർക്ക് ശമ്പള പരിഷ്കരണത്തിന്റെയും ആശ്രിത നിയമനത്തിന്റെയും ആനുകൂല്യങ്ങളും നൽകി. രാഷ്ട്രീയ, ഭരണ തലത്തിൽ ഇതിന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. പട്ടുനൂൽകൃഷി വികസനത്തിന് സെറിഫെഡിന് ലഭിച്ച ഫണ്ടെല്ലാം അനധികൃതമായി നിയമനം ലഭിച്ചവർക്ക് ശമ്പളം നൽകാൻ വിനിയോഗിച്ചു. സെറിഫെഡ് ലിക്വിഡേറ്റ് ചെയ്യാനുള്ള തീരുമാനംപോലും ഇവരെ മറ്റു വകുപ്പുകളിലേക്ക് മാറ്റാനായിരുന്നു. നിയമനങ്ങളെ ഹരജിക്കാരാരും ചോദ്യം ചെയ്തിരുന്നില്ലെന്നതും ഹൈകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.