ആദ്യ മഴയിൽ തകരുന്ന റോഡുകൾ പശ ഒട്ടിച്ച് ഉണ്ടാക്കിയതോ -വിമർശിച്ച് ഹൈകോടതി
text_fieldsകൊച്ചി: ആദ്യ മഴയിൽ തന്നെ തകരുന്ന റോഡുകൾ പശ വെച്ച് ഒട്ടിച്ച് ഉണ്ടാക്കിയതാണോയെന്ന് ഹൈകോടതി. റോഡുകൾ തകരുന്നത് കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്നതിന് തെളിവാണ്. കോടതി നിർദേശങ്ങൾ വെറും വാക്കായി കാണാനുള്ളതല്ല, കർശനമായി നടപ്പാക്കാനുള്ളതാണ്. ഈ സ്ഥിതി പരിതാപകരമാണ്. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ അനുവദിക്കാനാകില്ല. എൻജിനീയർമാരും കരാറുകാരുമാണ് ഇക്കാര്യത്തിൽ ഉത്തരവാദികളെന്നും മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
മഴ ശക്തമായതോടെ കൊച്ചി നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വിമർശനം. ഒരോ റോഡുകളുടെയും ഉത്തരവാദിത്തമുള്ള എൻജിനീയർമാർ, ബന്ധപ്പെട്ട കരാറുകാർ എന്നിവർ ആരെന്ന് വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി കോർപറേഷനോടും പൊതുമരാമത്ത് വകുപ്പിനോടും കോടതി നിർദേശിച്ചു. ഇവർക്കെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണം.
എറണാകുളം സൗത്ത് മേൽപാലം റോഡിന്റെ അവസ്ഥ പരാമർശിക്കവെയാണ് കോടതിയിൽനിന്ന് ഈ വിമർശനമുണ്ടായത്. നഗര റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി നിയോഗിച്ച അമിക്കസ്ക്യൂറിമാർ കോടതിയെ അറിയിക്കുകയും ചെയ്തു.
റോഡുകളുടെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്കാണെന്ന് മുമ്പേ പറഞ്ഞിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവർക്ക് കഴിയുന്നില്ലെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കണം. വീഴ്ച വരുത്തുന്ന എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി മടിക്കില്ല. നഗരത്തിലെ നടപ്പാതകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റമുണ്ടായിട്ടില്ല. ഒട്ടേറെ ജീവൻ ഇതുമൂലം പൊലിഞ്ഞിട്ടുണ്ട്. സുരക്ഷിതമായി നടപ്പാതകൾ സംരക്ഷിക്കാൻ പൊലീസും മറ്റ് അധികൃതരും നടപടി സ്വീകരിക്കാത്തതെന്തെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു.
തൂങ്ങിയാടുന്ന കേബിളുകളും നഗരത്തിലെ മറ്റൊരു ദുരന്ത കാരണമാണ്. ഈയിടെ ഒരാൾ മരിക്കുകയും ചെയ്തു. ഇത്തരം കേബിളുകൾ നീക്കാത്തതിന് ഉത്തരവാദി കൊച്ചി കോർപറേഷൻ സെക്രട്ടറിയായിരിക്കുമെന്നും സെക്രട്ടറി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി ജൂലൈ 18ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.