ആറുമാസത്തിനകം റോഡ് തകർന്നാൽ കരാറുകാരനും എൻജിനീയർക്കുമെതിരെ അന്വേഷണം വേണം -ഹൈകോടതി
text_fieldsകൊച്ചി: ആറുമാസത്തിനകം തകരുന്ന റോഡിന്‍റെ കരാറുകാരനും എൻജിനീയർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ നടപടി ഉണ്ടാകണമെന്ന് ഹൈകോടതി. തകർച്ച ഒരു വർഷത്തിനകമാണെങ്കിൽ ആഭ്യന്തര അന്വേഷണം വേണം. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കേസെടുക്കണം. ജോലി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയ ശേഷം ആറുമാസത്തിനകം റോഡ് തകർന്നാലാണ് വിജിലൻസ് അന്വേഷണം വേണ്ടത്. വിവിധ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്.
ആറുമാസത്തിനുള്ളിൽ റോഡ് തകരുന്നത് അനുവദിച്ച പണം ശരിയായി ഉപയോഗിക്കാത്തതിനാലാണ്. എല്ലാ മഴക്കാലത്തും റോഡുകൾ തകരുന്ന പതിവ് അവസാനിപ്പിക്കണം. തകർന്ന റോഡിനെക്കുറിച്ച് കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളെ നേരിട്ട് അറിയിക്കാമെന്ന കോടതി ഉത്തരവ് പ്രസിദ്ധീകരിച്ചാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. നിരന്തരം ഇടപെട്ടിട്ടും റോഡുകളുടെ ശോച്യാവസ്ഥക്ക് മാറ്റമുണ്ടാകുന്നില്ല.
ആറുമാസം കൂടുമ്പോൾ ഈ ഹരജികൾ വീണ്ടും പരിഗണിക്കേണ്ടിവരുന്നത് കോടതിക്കുതന്നെ ലജ്ജയുണ്ടാക്കുകയാണ്. 'കെ-റോഡ്' എന്ന് വിളിച്ചാലെങ്കിലും റോഡ് നന്നാക്കുമോ എന്ന് ഒരു ഘട്ടത്തിൽ കോടതി വാക്കാൽ ചോദിച്ചു. പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സർക്കാർ പഴയ മാർഗങ്ങൾ മറക്കുകയാണെന്നും കെ-റെയിലിനെ പരോക്ഷമായി പരാമർശിച്ച് കോടതി ചൂണ്ടിക്കാട്ടി.
എറണാകുളത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയിലെ ദുരിതം വിവരിച്ച കോടതി മികച്ച റോഡുകൾ ജനങ്ങളുടെ അവകാശമാണെന്ന് അഭിപ്രായപ്പെട്ടു. എറണാകുളത്തുനിന്ന് ചെറുതുരുത്തിവരെ പ്രശ്നമില്ല. അതുകഴിഞ്ഞാൽ യാത്ര അതിദുഷ്കരമാണ്.
ഷൊർണൂർ, പട്ടാമ്പി, വണ്ടൂർ തുടങ്ങിയയിടങ്ങളിലെ സ്ഥിതി കഷ്ടമാണ്. സഞ്ചാരയോഗ്യമായവ വേണമെന്നാണ് പറയുന്നത്. റോഡുപണിയിൽ അഴിമതിയില്ലെന്ന് ഉറപ്പുനൽകാൻ ആർക്കെങ്കിലും കഴിയുമോയെന്ന് കോടതി ചോദിച്ചു. ഓഫിസിലിരുന്ന് ബില്ല് പാസാക്കാൻ മാത്രമാണെങ്കിൽ എൻജിനീയർമാർ ആവശ്യമില്ല. ക്ലർക്കുമാർ മതി. റോഡിൽ ഇറങ്ങിയാലേ അവസ്ഥ മനസ്സിലാക്കാനും കുഴികൾ ഉടൻ അടക്കാനും കഴിയൂ. എൻജിനീയർമാർക്ക് അച്ചടക്കവും പ്രവർത്തനമികവുമാണ് വേണ്ടത്. സർക്കാർ സർവിസിലാകുമ്പോഴാണ് ഇതില്ലാതാകുന്നത്. സ്വകാര്യമേഖലയിൽ ഇതൊന്നും നടക്കില്ലെന്ന് മലേഷ്യൻ കമ്പനി പണിത ഒറ്റപ്പാലം റോഡിൽ ഇപ്പോഴും ഒരു കുഴി പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. എൻജിനീയർമാരിൽ പകുതിയിലേറെയും നല്ലവരാണെങ്കിലും ചീത്തപ്പേര് കേൾപ്പിക്കാൻ അധികം പേർ വേണ്ട.
ഇത്തരം എൻജിനീയർമാർക്ക് പണം അനുവദിക്കരുത്. ഇത് 2022 ആണെന്നും ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.