നടുറോഡിൽ സമ്മേളനം: ‘ചെവിയിൽ നുള്ളിക്കോ’യെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡുകളിലും നടപ്പാതകളിലും ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി നടത്തുന്ന സമ്മേളനങ്ങളുടെ സംഘാടകരും വേദിയിലുള്ളവരും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈകോടതി. നേരത്തേ ഫുട്പാത്തുകളിലായിരുന്ന യോഗങ്ങളും പ്രതിഷേധങ്ങളും ഇപ്പോൾ നടുറോഡിലായിരിക്കുകയാണ്. തിരുവനന്തപുരം വഞ്ചിയൂരിൽ സ്റ്റേജ് കെട്ടാൻ റോഡ് കുഴിച്ചിട്ടുണ്ടെങ്കിൽ വിഷയം കൂടുതൽ ഗൗരവകരമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വഞ്ചിയൂരിലെ സി.പി.എം ഏരിയ സമ്മേളനം, സെക്രട്ടേറിയറ്റിന് മുന്നിലെ ജോയന്റ് കൗൺസിൽ രാപ്പകൽ ധർണ, കൊച്ചി കോർപറേഷന് മുന്നിലെ കോൺഗ്രസ് ധർണ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. അതേസമയം, ഗതാഗതം തടസ്സപ്പെടുത്തുന്ന പരിപാടികൾക്ക് അനുമതി നൽകരുതെന്ന് സർക്കുലർ മുഖേന നിർദേശം നൽകിയിരുന്നുവെന്നും വഞ്ചിയൂരിലെ പരിപാടിക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകി. വഞ്ചിയൂരിലെ സംഭവം അറിഞ്ഞയുടൻ കേസെടുത്തെന്നും ഡി.ജി.പി വ്യക്തമാക്കി.
അതേസമയം, വഞ്ചിയൂർ സംഭവത്തിൽ നേതാക്കളെ പ്രതി ചേർക്കാതെ മറ്റു സംഭവങ്ങളിൽ കോൺഗ്രസിന്‍റെയും ജോയന്റ് കൗൺസിലിന്‍റെയും നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് വ്യക്തമാക്കുന്ന വിശദീകരണ പത്രികയാണ് ഡി.ജി.പി നൽകിയിരിക്കുന്നത്. വഞ്ചിയൂർ കേസിൽ കണ്ടാലറിയാലുന്ന 150 പേർക്കെതിരെയാണ് എഫ്.ഐ.ആർ എടുത്തത്. അന്വേഷണത്തിന് അതത് ജില്ല പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കുമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി വി. ജോയ് തുടങ്ങി വേദിയിലുണ്ടായിരുന്നവരുടെ പട്ടികയടങ്ങുന്ന റിപ്പോർട്ടാണ് വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫ് നൽകിയിരിക്കുന്നത്. മേയറുടെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന കോൺഗ്രസ് ധർണയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ അടക്കം 20 നേതാക്കളെ സെൻട്രൽ പൊലീസ് മുഖ്യപ്രതികളാക്കി. ജോയന്റ് കൗൺസിൽ സംഘടന നേതാക്കളായ കെ.പി. ഗോപകുമാർ, ജയചന്ദ്രൻ കല്ലിങ്കൽ എന്നിവരടക്കം 10 സർക്കാർ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് സെക്രട്ടേറിയറ്റ് ധർണയിൽ കന്റോൺമെന്റ് പൊലീസിന്റെ എഫ്.ഐ.ആർ. കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.