പട്ടയഭൂമിയിലെ മരം മുറിയിൽ ഹൈകോടതി; ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാത്തതെന്ത് ?
text_fieldsകൊച്ചി: പട്ടയഭൂമിയിൽനിന്ന് അനധികൃതമായി മരം മുറിച്ചതിന് സംസ്ഥാനത്താകെ 701 കേസുണ്ടായിട്ടും ഒരു പ്രതിെയപ്പോലും അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് ഹൈകോടതി. പ്രതികളുമായി ചേർന്ന് സർക്കാർ ഒത്തുകളിക്കുകയാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ഇവരെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാറിെൻറ നിഷ്ക്രിയത്വമാണ് വെളിപ്പെടുത്തുന്നത്. അറസ്റ്റ് വൈകുന്നത് തെളിവ് നശിപ്പിക്കാനിടയാക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മരംമുറി കേസുകളിലെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ സി.ബി.ഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നൽകിയ ഹരജി പരിഗണിക്കവെയാണ് സർക്കാറിനെ കോടതി രൂക്ഷമായി വിമർശിച്ചത്.
കേസുകൾ പരിഗണിക്കുന്നതിനിടെ വിശദാംശങ്ങൾ പരിശോധിച്ച കോടതി, മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. എന്നാൽ, കോവിഡിനെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം മൂലമാണ് പ്രതികളെ പിടികൂടാനാകാത്തതെന്നായിരുന്നു സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിെൻറ വിശദീകരണം. ഒരു പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചതിെൻറ പേരില്‍ മറ്റ് 700 കേസിലെ പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് തിങ്കളാഴ്ചക്കകം വിശദീകരണം നൽകണം. അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഹരജിക്കാരൻ എതിർത്തു. മുദ്രവെച്ച കവറില്‍ നൽകാന് രഹസ്യസ്വഭാവമുള്ള രേഖകളല്ലെന്നും ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി വിശദീകരണം സത്യവാങ്മൂലമായി സമർപ്പിച്ചാൽ മതിയെന്നും നിർദേശിച്ചു.
മുട്ടില്‍ മരം മുറിക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി സർക്കാറിനും ഉദ്യോഗസ്ഥർക്കും നേരെ വിമർശനമുന്നയിച്ച് സിംഗിൾ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിെൻറയും വിമർശനം. പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി നൽകിയ സര്‍ക്കാര്‍ ഉത്തരവിനെയാണ് സിംഗിൾ ബെഞ്ച് വിമർശിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി വീണ്ടും ആഗസ്റ്റ് രണ്ടിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.