ശമ്പളത്തിൽനിന്ന് പിടിച്ച തുക വകമാറ്റാൻ കെ.എസ്.ആർ.ടി.സിക്ക് അവകാശമില്ല -ഹൈകോടതി
text_fieldsകൊച്ചി: പങ്കാളിത്ത പെൻഷൻ, സ്‌റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസി എന്നിവയിലേക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ച തുക ആറു മാസത്തിനകം അതത് പദ്ധതികളിൽ അടക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിെവച്ചു. 2023 ഫെബ്രുവരി 23ലെ സിംഗിൾബെഞ്ചിന്‍റെ ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിധി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ, പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് ജീവനക്കാർ നൽകിയ തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കെ.എസ്.ആർ.ടി.സിക്ക് അവകാശമില്ല. തുക അടയ്ക്കാനുള്ള സമയം 2024 ഫെബ്രുവരി വരെ നീട്ടിയിട്ടുണ്ട്. പങ്കാളിത്ത പെൻഷനിലേക്ക് ശമ്പളത്തിൽനിന്ന് പിടിച്ചതിനു പുറമേ കെ.എസ്.ആർ.ടി.സിയുടെ വിഹിതവും നൽകാനുണ്ട്. ഇതു വകമാറ്റിയെന്നാരോപിച്ച് പാലക്കാട് സ്വദേശി എസ്.എ. സുനീഷ് കുമാർ ഉൾപ്പെടെ 106 ജീവനക്കാർ നൽകിയ ഹരജിയിലാണ് തുക ആറുമാസത്തിനകം അടക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ശമ്പളത്തിൽനിന്ന് പിടിച്ച തുക അടയ്ക്കാത്തതിന് നീതീകരണമില്ലെന്നും വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി ഇതിനെതിരെ അപ്പീൽ നൽകിയത്. ശമ്പളത്തിൽനിന്ന് പിടിച്ച തുക യഥാസമയം അടച്ചില്ലെങ്കിൽ പലിശ സഹിതം അടക്കാൻ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വ്യവസ്ഥയുണ്ട്. ആ നിലക്ക് ആറുമാസത്തിനകം തുകയടക്കണമെന്ന തരത്തിൽ സിംഗിൾബെഞ്ചിന്‍റെ ഇടപെടൽ ആവശ്യമില്ലായിരുന്നെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് സമാനസ്ഥിതിയിലുള്ളവരെ കോടതിയെ സമീപിക്കാൻ പ്രേരിപ്പിക്കുമെന്നും അപ്പീലിൽ പറഞ്ഞിരുന്നു. ഹരജിക്കാർക്ക് പെൻഷൻ പ്രായമായിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാദിച്ചു.
എന്നാൽ, ശമ്പളത്തിൽനിന്ന് പിടിച്ച തുക വകമാറ്റിയതിനെ ന്യായീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് സമാന സ്ഥിതിയിലുള്ളവരെ കോടതിയെ സമീപിക്കാൻ പ്രേരിപ്പിക്കുമെന്ന വാദത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.