പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയിൽ അന്വേഷണ ഉദ്യോഗസ്ഥ നിയമനം: മൂന്നാഴ്‌ചക്കകം നടപടി പൂർത്തിയാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാന പൊലീസ് കംപ്ലയിൻറ് അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടി മൂന്നാഴ്‌ചക്കകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഗണിക്കുന്ന അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ വെങ്ങോല സ്വദേശിയും റോഡ് ആക്സിഡൻറ് ഫോറം ഉപദേശകസമിതി അംഗവുമായ ജാഫർഖാൻ നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സർക്കാറിന് നിർദേശം നൽകിയത്.
പൊലീസിനെതിരെ പരാതികൾ പെരുകുന്ന സാഹചര്യത്തിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം. അതോറിറ്റിക്ക് ലഭിക്കുന്ന പരാതികൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാനതലത്തിൽ ഒരു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥെൻറ നിയമനത്തിന് സർക്കാർ തീരുമാനമെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നാണ് ഹരജിയിലെ ആരോപണം.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടി തുടങ്ങിയതായി സർക്കാർ അറിയിച്ചു. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 2021 ജൂലൈ 26ന് ഇൻറർവ്യൂ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സെലക്ഷൻ കമ്മിറ്റിയിലെ ഒരംഗത്തിെൻറ അസൗകര്യം മൂലം മാറ്റിവെക്കേണ്ടിവന്നു. കമ്മിറ്റി പുനഃസംഘടിപ്പിച്ചശേഷം പുതിയ അഭിമുഖം നടത്തുമെന്നും അറിയിച്ചു. തുടർന്നാണ് മൂന്നാഴ്ചക്കകം നടപടി പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.