അവയവദാനം: പൊതുജനങ്ങൾക്കും നിർദേശം സമർപ്പിക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈകോടതി. ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിക്ക് സമർപ്പിക്കുന്ന നിർദേശങ്ങൾ ഗുണകരമാണെന്നുകണ്ടാൽ അതുകൂടി മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അവയവം ദാനം ചെയ്യുന്നയാൾക്ക് വിവിധ തരത്തിലുള്ള ധനസഹായം ഉറപ്പാക്കുന്ന മാർഗനിർദേശങ്ങൾ വാണിജ്യാടിസ്ഥാനത്തിലുള്ള അവയവദാനം പ്രോത്സാഹിപ്പിക്കുന്നതാണെന്നുകാണിച്ച് മലപ്പുറം മേൽമുറി അധികാരിത്തൊടി സ്വദേശി മുഹമ്മദ് അബ്ദുന്നാസർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
അവയവദാനത്തിലെ മാർഗനിർദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഫെബ്രുവരി 15നാണ് ഉത്തരവിറക്കിയത്. 2017ലെ ഹൈകോടതി വിധിയെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഇതിലെ ചില വ്യവസ്ഥകൾ നിയമവിരുദ്ധമാണെന്നാണ് ഹരജിക്കാരെൻറ വാദം. അവയവം കൊടുക്കുന്നയാളുടെ ശസ്ത്രക്രിയ അടക്കം ചെലവുകൾ സ്വീകരിക്കുന്നയാൾ നൽകണമെന്ന് മാർഗനിർദേശത്തിൽ പറയുന്നുണ്ട്. മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപരിഹാരവും നൽകണം. ഇത് ഒരു മാസം 50,000 വരെയാകാം.
ശേഷിക്കുന്ന ജീവിതകാലം മുഴുവൻ സുരക്ഷ ഉറപ്പാക്കാൻ അവയവം ദാനംചെയ്യുന്നയാളെ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക, ഒാർഗൻ യൂട്ടിലൈസേഷൻ ഫീസ് ഇനത്തിൽ ആരോഗ്യപരമായ െചലവുകൾ വഹിക്കാൻ രണ്ട് ലക്ഷം രൂപ നൽകുക എന്നീ ഉപാധികളും മാർഗനിർദേശങ്ങളിലുണ്ട്. ഇൗ നിർദേശങ്ങൾ 1994ലെ നിയമത്തിലെ വാണിജ്യാടിസ്ഥാനത്തിലുള്ള അവയവദാനം തടയുന്ന വകുപ്പിന് എതിരാണെന്ന് ഹരജിയിൽ പറയുന്നു. നിയമപരമായി ശിക്ഷാർഹമായ വാണിജ്യാടിസ്ഥാനത്തിലെ അവയവദാനം വർധിപ്പിക്കുന്നതാണ് ഇൗ ഉത്തരെവന്നും റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാൽ, ഇൗ മാർഗനിർദേശങ്ങൾ അവയവം ദാനം ചെയ്യുന്നയാളുടെ ആശുപത്രി ചെലവുകൾ നേരിടുന്നതിനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവയവം നൽകുന്നയാളുടെ ഭാവി സുരക്ഷിതമാക്കാനുതകുന്ന ഇൗ നിർദേശങ്ങൾ വാണിജ്യ താൽപര്യത്തോടെയുള്ള അവയവദാനം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറയാനാവില്ല. കോടതിക്ക് ഇടപെടേണ്ട നിയമലംഘനം ഇക്കാര്യത്തിൽ ഇല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു. ഹരജിക്കാരനുൾപ്പെടെ ആർക്കും പുതിയ നിർദേശങ്ങൾ സമർപ്പിക്കാമെന്നും േകാടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.