കതിരൂർ മനോജ് കേസ്: പി. ജയരാജൻ അടക്കം 25 പ്രതികൾക്കെതിരായ യു.എ.പി.എ നിലനിൽക്കും
text_fieldsകൊച്ചി: ആർ.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസിൽ സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ അടക്കം 25 പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. യു.എ.പി.എ ചുമത്തിയതിനെതിരെ പി. ജയരാജൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ ഹരജികൾ ഡിവിഷൻ ബെഞ്ച് തള്ളി.
സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ യു.എ.പി.എ ചുമത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി മാത്രം മതിയെന്ന് വിലയിരുത്തിയ ഹൈകോടതി സിംഗിൾ ബെഞ്ച് പ്രതികളുടെ ഹരജികൾ നേരത്തെ തള്ളിയിരുന്നു. കേന്ദ്രം നൽകിയ അനുമതിയുടെ സാധുത സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ വിചാരണഘട്ടത്തില്‍ ചോദ്യം ചെയ്യാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പി. ജയരാജൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
കേസിന്‍റെ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികൾ ഹരജി നൽകിയത്. സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഹരജിക്കാരുടെ വാദം. സംസ്ഥാന സർക്കാറിന്‍റെ അധികാര പരിധിയിലുള്ള കേസിൽ യു.എ.പി.എ ചുമത്തണമെങ്കിൽ സർക്കാറിന്‍റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.
യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാനായി നിയമ സെക്രട്ടറി ചെയർമാനും ആഭ്യന്തര സെക്രട്ടറി, ഇന്‍റലിജൻസ് ഐ.ജി എന്നിവർ അംഗങ്ങളുമായ ഒരു സമിതിക്ക് 2009ൽ സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ സി.ബി.ഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സർക്കാറും സത്യവാങ്മൂലം നൽകിയിരുന്നു.
കതിരൂർ മനോജിനെ 2014 സെപ്റ്റംബര്‍ ഒന്നിനാണ് ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊന്നത്. കേസില്‍ ആദ്യ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി സ്വീകരിക്കുന്നത് 2015 മാര്‍ച്ച് 11നാണ്. ഏപ്രില്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ യു.എ.പി.എ ചുമത്താന്‍ അനുമതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.