മീഡിയവൺ സംപ്രേഷണ വിലക്ക് ഹൈകോടതി ശരിവച്ചു
text_fieldsകൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജി ഹൈകോടതി തള്ളി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി സിംഗ്ൾ ബെഞ്ച്ശ രിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്.
രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥ സമിതി വിലയിരുത്തിയ ശേഷമായിരുന്നു തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് വിധിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ അവർ കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷം സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന തീർപ്പിലാണ് കോടതി എത്തിയത്. അതിനാൽ കേന്ദ്ര നടപടിക്കെതിരായ ഹരജി തള്ളുകയാണെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി.
ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാൻ ഉദ്ദേശിക്കുന്നതിനാൽ രണ്ട് ദിവസത്തെ പ്രവർത്തനാനുമതി കൂടി നൽകണമെന്ന 'മീഡിയവൺ' അഭിഭാഷകന്റെ ആവശ്യം കോടതി നിരസിച്ചു.
രേഖകളുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവൺ
തിങ്കളാഴ്ച കേസ് പരിഗണിക്കവേ കേന്ദ്രസർക്കാർ സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവൺ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ചാനലിനെതിരായ സുരക്ഷപ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ രേഖകൾ ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. രേഖകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി.
പ്രവർത്തനാനുമതിയുടെ 10 വർഷ കാലാവധി കഴിയുംമുമ്പേ പുതുക്കാൻ നൽകിയ അപേക്ഷക്ക് ഒരുമറുപടിയും സർക്കാറിൽനിന്ന് ലഭിച്ചില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. മുമ്പും ഈ ചാനലിന് സുരക്ഷ ക്ലിയറൻസ് നിഷേധിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് തങ്ങൾക്ക് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, മീഡിയ ലൈഫ് എന്ന മറ്റൊരു ചാനലിനാണ് സുരക്ഷ ക്ലിയറൻസ് നിഷേധിക്കപ്പെട്ടത്.
10 വർഷത്തെ പ്രവർത്തനാനുമതിയോടെ തുടർന്ന മീഡിയവൺ ചാനലിന് ക്ലിയറൻസ് ഒരിക്കലും നിഷേധിക്കപ്പെട്ടിട്ടില്ല. അതിനാൽ, കാരണം കാണിക്കൽ നോട്ടീസിലെ പരാമർശം തെറ്റാണ്. അനുമതി നൽകുമ്പോഴുള്ള ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനം അനുമതി കാലയളവിൽ ഉണ്ടായിട്ടില്ല. സ്വകാര്യതക്കുള്ള അവകാശം പോലെതന്നെയാണ് അറിയാനും അറിയിക്കാനുമുള്ള ഭരണഘടന അവകാശമെന്ന പെഗസസ് കേസിലെ കോടതി ഇടപെടൽ വീണ്ടും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. സുരക്ഷ ക്ലിയറൻസ് എന്തിന്, എപ്പോൾ നിഷേധിക്കപ്പെട്ടുവെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന് ദേശസുരക്ഷയുടെയും മറ്റും പേരിൽ നിയന്ത്രണമാകാമെങ്കിലും അതിന് നിയമത്തിന്‍റെ ശക്തമായ പിൻബലമുണ്ടാകണമെന്ന് കേരള യൂനിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റും മീഡിയവൺ ജീവനക്കാരും നൽകിയ ഹരജിയിൽ ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 10 വർഷത്തെ പ്രവർത്തനാനുമതി പൂർത്തിയാക്കി പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചാനലിന്‍റെ അനുമതി നിയമപരമായ മാനദണ്ഡങ്ങളെ മുഴുവൻ മറികടന്ന് റദ്ദാക്കിയ നടപടി തികച്ചും നിയമവിരുദ്ധമാണ്. നിയമത്തിന്‍റെ പിന്തുണയില്ലാതെയാണ് ഈ നടപടിയെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.
എന്നാൽ, അനുമതി നൽകുമ്പോൾ ആവശ്യമായ മാർഗരേഖകളെല്ലാം ലൈസൻസ് പുതുക്കുമ്പോഴും ബാധകമാണെന്ന വാദമാണ് കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ ആവർത്തിച്ചത്. മാർഗരേഖകളെ നേരത്തേ ആരും കോടതിയിൽ ചോദ്യം ചെയ്തിട്ടില്ല. നേരത്തേ അനുമതി നൽകിയാലും കാലാകാലമുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ച് സുരക്ഷ വിലയിരുത്തലുകൾ നടക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി ലഭിച്ച ഒട്ടേറെ ചാനലുകളുടെ അനുമതി നിഷേധിച്ചിട്ടുള്ളതായും എ.എസ്.ജി വ്യക്തമാക്കിയിരുന്നു.
അടുത്ത കാലത്ത് ഏതെങ്കിലും ചാനലിന്‍റെ അനുമതി റദ്ദാക്കിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. അടുത്തിടെ ഉണ്ടായിട്ടില്ലെന്ന് എ.എസ്.ജി മറുപടിയും നൽകി. കമ്പനിയും സർക്കാറും തമ്മിലെ തർക്കമായതിനാൽ ചാനൽ ജീവനക്കാർക്കും സംഘടനക്കും ഈ വിഷയത്തിൽ ഹരജി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, സർക്കാർ നടപടി മൂലം തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാരും അവരുടെ സംഘടനയും കക്ഷിചേരുന്നതിൽ തെറ്റെന്താണെന്ന് കോടതി ചോദിച്ചു.
പെഗസസിലെ കോടതി നിരീക്ഷണം എല്ലാ കേസിലും ഒരുപോലെ ബാധകമാവില്ലെന്നും അതിൽനിന്ന് വ്യത്യസ്ത കേസാണിതെന്നും എ.എസ്.ജി വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.