ശബരിമല, പമ്പ പുനരുദ്ധാരണം: ചെലവ് മുഴുവൻ ദേവസ്വം ബോർഡ് വഹിക്കണമെന്ന നിലപാട് എന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല, പമ്പ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുഴുവൻ ചെലവും ദേവസ്വം ബോർഡ് വഹിക്കണമെന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് ൈഹകോടതി. ശബരിമലയിലെയും പമ്പയിലെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി സെപ്റ്റംബർ മൂന്നിന് സർക്കാർ ഇറക്കിയ വിജ്ഞാപനം െചാവ്വാഴ്ച ഹാജരാക്കിയപ്പോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം വാക്കാൽ ചോദിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രമാണോ പുനരുദ്ധാരണ പ്രവർത്തനത്തിനുള്ള ബാധ്യതയെന്നും ബോർഡ് മാത്രം ചെലവ് വഹിക്കണമെന്ന് പറയാൻ സർക്കാറിന് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. ശബരിമലയിലെ ക്ഷേത്രം മുഖേന സംസ്ഥാനത്തിന് നേട്ടമില്ലേ, പുനരുദ്ധാരണ പ്രവൃത്തികൾക്ക് വാട്ടർ അതോറിറ്റിക്കും ഗതാഗത വകുപ്പിനും ബാധ്യതയുള്ളതല്ലേ, ചെലവ് മുഴുവൻ വഹിക്കണമെന്ന വിജ്ഞാപനത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർക്കാത്തതെന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
പ്രളയത്തെത്തുടർന്നുള്ള നാശനഷ്ടങ്ങളിൽനിന്ന് ശബരിമലയെയും പമ്പയെയും തിരികെ കൊണ്ടുവരാൻ സ്വീകരിച്ച നടപടി അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് നേരത്തേ കോടതി നിർദേശിച്ചിരുന്നു. ശബരിമലയിൽ പ്രളയത്തെത്തുടർന്ന് ഒഴുകിപ്പോയതും കേടുപാട് സംഭവിച്ചതുമായ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നവംബർ 15നുമുമ്പ് പുനർനിർമിക്കാൻ ടാറ്റ പ്രോജക്ട്സിനെ ചുമതലപ്പെടുത്തിയതായി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.
നവംബർ 17ന് മണ്ഡല-മകര വിളക്ക് സീസൺ ആരംഭിക്കുന്നതിനുമുമ്പ് പാലങ്ങളും റോഡുകളും പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പിനോ ദേവസ്വം ബോർഡിെൻറ മരാമത്ത് വിഭാഗത്തിനോ സാധിക്കാത്തതിനാലാണ് ടാറ്റയെ ചുമതല ഏൽപിക്കുന്നത്. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവിനെ ഇതിന് സ്പെഷൽ ഒാഫിസറായി നിയമിച്ചിട്ടുണ്ട്. മേൽനോട്ടം വഹിക്കാനും മാർഗനിർദേശം നൽകാനും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുണ്ടാക്കിയതായും വിജ്ഞാപനത്തിൽ പറയുന്നു.
നാശനഷ്ടം സംബന്ധിച്ച ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം തേടിയതോടെ ഹരജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.