അംഗപരിമിതർക്ക് സംവരണം നൽകാത്ത എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകരുത് -ഹൈകോടതി
text_fieldsകൊച്ചി: അംഗപരിമിതരുടെ സംവരണ വ്യവസ്ഥ പാലിക്കാതെ 2018 നവംബർ 18 നുശേഷം എയ്ഡഡ് സ്കൂളുകളിൽ ഉണ്ടായ ഒഴിവുകളിൽ മാനേജ്മെന്‍റ് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന് ഹൈകോടതി. എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങളിൽ അംഗപരിമിതർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഉത്തരവിൽ പറയുന്നു. ഉത്തരവ് നിലവിൽ വന്ന തീയതിക്ക് ശേഷമുള്ള നിയമനങ്ങൾക്ക് ബാധകമാക്കിയാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്. ഇതിനകം അംഗീകാരം നൽകിയ നിയമനങ്ങളെ ഇതു ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങളിൽ അംഗപരിമിതർക്കുള്ള സംവരണം നടപ്പാക്കുന്നില്ലെന്നാരോപിച്ച് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ് കെ.ജെ. വർഗീസ് അടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. എയ്ഡഡ് സ്കൂളുകളിലെ അംഗപരിമിതരുടെ നിയമനം നിയമപരവും ഭരണഘടനാപരവുമായ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തൊഴിൽ മേഖലയിൽ അംഗപരിമിതരെ ഉൾപ്പെടുത്തേണ്ടത് ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അംഗപരിമിതരുടെ അവകാശസംരക്ഷണ നിയമങ്ങളനുസരിച്ചാണ് എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങളിൽ ഇവർക്ക് സംവരണമേർപ്പെടുത്താൻ സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയത്. 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ മൂന്നു ശതമാനവും തുടർന്നുള്ള ഒഴിവുകളിൽ നാലുശതമാനവും സംവരണം നൽകാനാണ് ഉത്തരവിട്ടത്. അംഗപരിമിതർക്ക് ഇത്തരത്തിൽ നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18ന് ശേഷമുള്ള ഒഴിവുകളിൽ ഈ കണക്കനുസരിച്ച് നിയമനം നൽകണം. ഈ നിയമനം നടത്താതെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകരുത്- ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.