ഡോ.വന്ദന ദാസിന്റെ കൊലപാതകം: കണ്ഠമിടറി കോടതിയും
text_fieldsകൊച്ചി: യുവ ഡോക്ടറെക്കുറിച്ച് പറയുമ്പോൾ ഹൈകോടതിക്കും ദുഃഖമടക്കാനായില്ല. ആ പെൺകുട്ടിയുടെയും വീട്ടുകാരുടെയും പ്രതീക്ഷകളെയും ഇത്തരം സംഭവങ്ങൾ സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് പറയുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കണ്ഠമിടറിയത്. മുഖത്തുനിന്ന് കണ്ണടയൂരി കണ്ണുതുടച്ചശേഷമാണ് പിന്നീട് ഉത്തരവിലേക്ക് കടന്നത്. മെഡിക്കൽ രംഗത്ത് വലിയ വിജയങ്ങൾ സ്വപ്‌നം കണ്ട മിടുക്കിയായ പെൺകുട്ടിക്കാണ് ഡോക്ടറായതുകൊണ്ട് ജീവൻ നഷ്ടമായത്.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർന്നത്. ആ മാതാപിതാക്കളെ ഇനി എങ്ങനെ അഭിമുഖീകരിക്കും? ഞങ്ങളുടെ മകളാണ് ആ പെൺകുട്ടി. അവസാന നിമിഷം പ്രതിക്കു മുന്നിൽപെട്ടുപോയ ആ പാവം എത്ര മാത്രം ഭയവും വേദനയും അനുഭവിച്ചിരിക്കുമെന്ന് ആലോചിക്കാൻപോലും കഴിയുന്നില്ല.
ഹൗസ് സർജൻസി ചെയ്യുന്ന പെൺകുട്ടികൾ ഇനി എങ്ങനെ രാത്രിയിൽ ഡ്യൂട്ടിക്കു വരും.താലൂക്ക് ആശുപത്രികളിൽ പെൺമക്കളെ ആരെങ്കിലും ഇനി ഹൗസ് സർജൻസിക്കു വിടുമോ. ആതുര സേവനത്തിനിറങ്ങിയ യുവഡോക്ടർ ശവപ്പെട്ടിയിൽ വീട്ടിലെത്തുന്ന സ്ഥിതിയായി. ഇനിയെങ്കിലും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.