ലക്ഷദ്വീപിൽ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: ലക്ഷദ്വീപിൽ വസ്തു കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച കലക്ടറുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഒരു ശതമാനത്തിൽനിന്ന് ആറ്, -എട്ട് ശതമാനം വരെ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഹൈകോടതി അഭിഭാഷകനും അമിനി സ്വദേശിയുമായ അഡ്വ. പി.എം. മുഹമ്മദ് സാലിഹ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്.
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ആറുശതമാനവും സ്ത്രീയുെടയും പുരുഷെൻറയും സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴുശതമാനവും മറ്റുള്ളവർക്ക് എട്ട് ശതമാനവുമാക്കി വർധിപ്പിച്ച് മേയ് അഞ്ചിന് കലക്ടർ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഹരജി.
ഹരജിക്കാരന് പിതാവ് വസ്തു കൈമാറി നൽകാൻ ശ്രമിച്ചപ്പോൾ പുതുക്കിയ നിരക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷൻ നിരസിച്ചു. സ്റ്റാമ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഭേദഗതികൾ ഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ഇന്ത്യൻ സ്റ്റാമ്പ് ആക്ടിലെ വ്യവസ്ഥ.
ഇത് പാലിക്കാതെയാണ് ഉത്തരവ് നടപ്പാക്കിയത്. ദ്വീപിലുള്ളവർക്കല്ലാതെ മൂന്നാം കക്ഷിക്ക് സ്ഥലം കൈമാറാൻ 1964ലെ നിയമം തടസ്സമാണെങ്കിലും പുതിയ ഉത്തരവുപ്രകാരം അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്നുണ്ട്.
പട്ടികവർഗ വിഭാഗക്കാരുെട കൈവശമുള്ള ഭൂമി മറ്റുള്ളവർക്ക് കൈമാറി ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച കലക്ടർ മറ്റൊരു ഉത്തരവിലൂടെ ലക്ഷദ്വീപിലെ വാടക, ലീസ് തുക കുറച്ചത് ഇതിനാണ്. അധികാരമില്ലാതെയാണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചത്.
നടപടി സ്വേച്ഛാപരവും ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവും സ്റ്റാമ്പ് ആക്ടിന് വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.