ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന് ഹൈകോടതി സ്‌റ്റേ
text_fieldsതിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളിൽ സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി 200 മീറ്റർ വേണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്തു. ക്വാറി ഉടമകൾ നൽകിയ ഹരജിയിലാണ് 200 മീറ്ററാക്കി ഉയർത്തിയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവാണ് ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. ക്വാറി ഉടമകൾക്കനുകൂലമായി സർക്കാർ സത്യവാങ്മൂലം നൽകിയതിനെ തുടർന്നാണ് ഹൈകോടതി താൽക്കാലിക സ്റ്റേ അനുവദിച്ചത്.
ജനവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററിൽ നിന്ന് 200 മീറ്റർ ആയി ഉയർത്തി കഴിഞ്ഞ മാസം 21-ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത് സർക്കാറിന്‍റെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സർക്കാർ പഠിച്ചതിന് ശേഷമാണ് ദൂരപരിധി 50 മീറ്ററാക്കിയതെന്നും ഉള്ള വാദങ്ങളാണ് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഹൈകോടതിയെ അറിയിച്ചത്.
പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചു കൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചു കൊണ്ട് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്. അത് ചോദ്യം ചെയ്താണ് പാറമട ഉടമകൾ ഹൈകോടതിയെ സമീപിച്ചത്. എല്ലാ കക്ഷികളേയും കേൾക്കാതെയാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഹൈകോടതി സിംഗിൾ ബഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.