വിദ്യാർഥിനിയുടെ ആത്മഹത്യ ഹൃദയ ഭേദകം –ഹൈകോടതി
text_fieldsകൊച്ചി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്തതിെൻറ വേദനയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം മനംമടുപ്പിക്കുന്നതും ഹൃദയഭേദകവുമെന്ന് ഹൈകോടതി. ഓൺലൈൻ ക്ലാസിെൻറ പേരിൽ അധിക ഫീസ് ഈടാക്കിയ സി.ബി.എസ്.ഇ സ്കൂളിനെതിരായ ഹരജി പരിഗണിക്കവെയാണ് ദേവികയെന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ ജസ്റ്റിസ് സി.എസ്. ഡയസ് പരാമർശിച്ചത്. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുതാൽപര്യമുള്ളതാണെന്ന് വിലയിരുത്തിയ കോടതി ഹരജി ഡിവിഷൻ ബെഞ്ചിനു വിട്ടു.
കോവിഡ് ദുരിതത്തിനിടയിലും കൊല്ലത്തെ ശ്രീബുദ്ധ സെൻട്രൽ സ്കൂൾ അധികൃതർ അധിക ഫീസ് നൽകാൻ രക്ഷിതാക്കളെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ദേവികയെ വാക്കാൽ പരാമർശിച്ച കോടതി, ഇക്കാര്യം ഉത്തരവിലും ഉൾപ്പെടുത്തി. വിദ്യാഭ്യാസം ഇന്ത്യൻ ഭരണഘടന അനുവദിച്ച പവിത്രമായ അവകാശമാണെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽവന്നതെന്നും കോടതി ഓർമിപ്പിച്ചു.
ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ അധിക തുക ഈടാക്കരുതെന്ന് സ്കൂൾ അധികൃതരോട് നിർദേശിച്ച കോടതി, ഹരജി ചീഫ് ജസ്റ്റിസിന് കൈമാറി ഉത്തരവിടുകയായിരുന്നു. ഹരജിയുടെ പകർപ്പ് രജിസ്ട്രിക്ക് കൈമാറണമെന്നും രജിസ്ട്രി ഇത് ചീഫ് ജസ്റ്റിസിെൻറ പരിഗണനക്ക് വിടണമെന്നുമാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.