വാളയാർ: സി.ബി.ഐ അന്വേഷണ ഹരജി തള്ളി
text_fieldsകൊച്ചി: വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. അന്വേഷണത്തിലെ വീഴ്ചയും േപ്രാസിക്യൂഷെൻറ പരാജയവും മൂലം പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം നടത്തണമെന്നും അന്വേഷണ ചുമതല സി.ബി.ഐയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് മലയാളവേദി പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്. വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞ കേസുമായി ബന്ധമില്ലാത്തവർ നൽകിയ ഹരജിയിൽ പുനരന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
വാസ്തവം മനസ്സിലാക്കാതെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഹരജിയെന്ന് കേസ് പരിഗണിക്കവേ കോടതി വാക്കാൽ നിരീക്ഷിച്ചു. പൊതുതാല്പര്യ ഹരജി നല്കുന്നവര് ആദ്യം യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമിക്കണം.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ഹരജികള്‍ ഫയല്‍ ചെയ്യരുതെന്ന് സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് കേസുകളിലും പ്രതികളെ വെറുതെവിട്ട പാലക്കാട് സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാർ കോടതിയെ അറിയിച്ചു.
കുട്ടികള്‍ക്കെതിരായ ഇത്തരം അക്രമങ്ങള്‍ ഉല്‍കണ്ഠയുളവാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വിചാരണ കോടതി വിധി പറഞ്ഞതാണ്. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പ്രകാരമുള്ള (സി.ആർ.പി.സി) നടപടികള്‍ ഇനി സ്വീകരിക്കാം.
അന്വേഷണ ഉദ്യോഗസ്ഥനോ ഇരകളുടെ ബന്ധുക്കൾക്കോ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഈ ഘട്ടത്തിൽ ഹരജിക്കാരന് ആവശ്യപ്പെട്ടു. ഇത്തരം ഹരജികള്‍ ഇനിയും വന്നേക്കാമെന്നും വിശദമായ ഉത്തരവിറക്കേണ്ടതിനാൽ പിന്‍വലിക്കാന്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.