വാളയാറിൽ കുടുങ്ങിയവരെ കേരളത്തിൽ പ്രവേശിപ്പിക്കണം -ഹൈകോടതി
text_fieldsകൊച്ചി: കോവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത പ്രവാസികളിൽ വിമാനക്കൂലി നൽകാൻ കഴിയാത്തവരെ കേന്ദ്രസർക്കാർ സഹായിക്കണമെന്ന് ഹൈകോടതി. വിദേശങ്ങളിലെ സർക്കാറിതര സംഘടനകളുമായി ചേർന്ന് എംബസികളും കേന്ദ്രസർക്കാറിെൻറ വിവിധ മിഷനുകളും നടപടിയെടുക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ പറയുന്നത്.
കേരള മുസ്ലിം കൾചറൽ സെൻറർ പ്രസിഡൻറ് ഇബ്രാഹീം എളേറ്റിൽ ഉൾപ്പെടെ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. സൗജന്യയാത്രക്ക് ഇവർ അർഹരാണെന്നും രജിസ്ട്രേഷൻ ഉള്ളവരാണെന്നും ഉറപ്പുവരുത്തി സഹായം നൽകണം. പ്രവാസികളിൽ യാത്രാചെലവ് ഉൾപ്പെടെ വഹിക്കാൻ കഴിയാത്തവരുണ്ടെന്നും ഇവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ഹരജിക്കാരിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശവും രാജ്യത്തിനു പുറത്തുപോയി തൊഴിൽ ചെയ്യാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തി ഇവിടെ താമസിക്കാനുള്ള അവകാശവും ഇതിൽ ഉൾപ്പെടും. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ഹരജികൾ മേയ് 12ന് വീണ്ടും പരിഗണിക്കും.
പ്രവേശന നിയന്ത്രണത്തിൽ അപാകതയില്ല
കൊച്ചി: അന്തർ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രവേശനം നിയന്ത്രിച്ച സർക്കാർ നടപടി നിയമപരമാണെന്ന് ഹൈകോടതി. അതേസമയം, പാസില്ലാതെ എത്തി വാളയാറിൽ കുടുങ്ങിയവരെ കടത്തിവിടാൻ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ മുൻഗണനക്രമം പാലിക്കാനും കോടതി നിർദേശിച്ചു.
കേരളത്തിലേക്ക് വരാൻ ചെക്പോസ്റ്റിൽ എത്തിയവരെ തടഞ്ഞതിനെതിരെ ഹൈകോടതി അഭിഭാഷകൻ ഹരീഷ് വാസുദേവനാണ് പൊതുതാൽപര്യ ഹരജി നൽകിയത്. പ്രവേശനം നിഷേധിച്ചതോടെ ഗർഭിണികളുൾപ്പെടെ 135 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിലെ സർക്കാർ െഗസ്റ്റ് ഹൗസിലാണ്. സർക്കാർ വെബ്സൈറ്റ് ഡൗൺ ആയതിനാലാണ് പാസിന് അപേക്ഷ നൽകാൻ കഴിയാതിരുന്നത്. ഇത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാൽ, പൊതുതാൽപര്യത്തിെൻറ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടി അന്യായമാണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെക്പോസ്റ്റുകളിൽ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടെങ്കിൽ ഗൗരവമായി പരിഗണിക്കും. പാസ് അനുവദിക്കുമ്പോൾ തീയതിയുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ അതത് സംസ്ഥാനങ്ങളുമായി സഹകരിച്ച് തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ട് ഇല്ലാതാക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
തുടർന്നാണ്, വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകി കേരളത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.