കുസാറ്റ് ദുരന്തം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി
text_fieldsകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മൂന്ന് വിദ്യാർഥികളുൾപ്പെടെ നാലു പേരുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് കൈമാറി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
ഉള്ളടക്കം പുറത്തുവന്നിട്ടില്ല. മന്ത്രി ഉത്തരവിട്ടതിനെത്തുടർന്നാണ് വിശദാന്വേഷണം നടത്തിയത്. അപകടമുണ്ടായതിനുപിന്നാലെ പ്രാഥമിക റിപ്പോർട്ട് അന്വേഷണസംഘം നേരത്തേ കൈമാറിയിരുന്നു.
ഇതിനിടെ വിശദാന്വേഷണത്തിനായി സിൻഡിക്കേറ്റ് നിയോഗിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളായ മൂന്നംഗ ഉപസമിതിയുടെ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്നാണ് സൂചന. ടെക് ഫെസ്റ്റായ ധിഷണ 2023ന്റെ സംഘാടനത്തില്‍ വന്ന വീഴ്ചകളെപ്പറ്റി പഠിക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതിനുമായാണ് സമിതിയെ നിയോഗിച്ചത്.
കെ.കെ. കൃഷ്ണകുമാര്‍ (കണ്‍.), ഡോ. ശശി ഗോപാലന്‍, ഡോ. വി.ജെ. ലാലി എന്നിവരാണ് സമിതിയിലുള്ളത്. അപകടത്തെക്കുറിച്ച കൂടുതൽ കാര്യങ്ങൾ റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ പറഞ്ഞിരുന്നു. സംഭവത്തിനുപിന്നാലെ സിൻഡിക്കേറ്റ് യോഗ തീരുമാനപ്രകാരം എസ്.ഒ.ഇ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.