കുസാറ്റ് ദുരന്തം: ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു
text_fieldsകൊച്ചി: കുസാറ്റിൽ സംഗീതപരിപാടിക്ക് മുന്നോടിയായി തിരക്കിൽപെട്ട് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ച സംഭവം ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇത് സംബന്ധിച്ച നിർദേശം നൽകി. സര്‍വകലാശാല സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർഥികളുടെ ചികിത്സാചെലവ് സര്‍വകലാശാല വഹിക്കും.
ദുരന്തമുണ്ടായ കുസാറ്റ് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മന്ത്രിമാരായ ആർ. ബിന്ദുവും പി. രാജീവും നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തി. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുമിത്രാദികളെ സമാശ്വസിപ്പിച്ചു.
മരിച്ച വിദ്യാർഥികളുടെ മൃതദേഹത്തിൽ ക്യാമ്പസിൽ പൊതുദർശനം പൂർത്തിയാക്കി. നൂറുകണക്കിന് വിദ്യാർഥികളാണ് സഹപാഠികളെ അവസാനമായി കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തിയത്.
അതുൽ തമ്പി, ആൻ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് ക്യാമ്പസിൽ പൊതുദർശനത്തിനെത്തിച്ചത്. പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫാണ് മരിച്ച നാലാമത്തെയാൾ. ആൽബിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് ദുരന്തമുണ്ടായത്. പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയായതിനാൽ വൻതോതിൽ വിദ്യാർഥികൾ പരിപാടിക്കെത്തിയിരുന്നു. ഓഡിറ്റോറിയത്തിന്‍റെ ഗേറ്റ് തുറന്നതോടെ വിദ്യാർഥികൾ കൂട്ടമായി അകത്തുകടന്നത് വൻ തിരക്കിനിടയാക്കി. ഇതിനിടെ കുട്ടികൾ നിലത്ത് വീണത് വലിയ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.