മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി സര്‍ക്കാറിന്റേത്കടുത്ത വിവേചനം -ജമാഅത്തെ ഇസ്‍ലാമി
text_fieldsകോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മലബാറിലെ വിദ്യാര്‍ഥികളോടുള്ള വിവേചനമാണെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടേറിയറ്റ്.
വലിയ നിരുത്തരവാദിത്തമാണ് ഇടതുസര്‍ക്കാര്‍ കാണിക്കുന്നത്. ഹയര്‍ സെക്കൻഡറി പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സൗകര്യമില്ലെന്നത് രണ്ട് പതിറ്റാണ്ടിലധികമായി പൊതുസമൂഹം ഉന്നയിക്കുന്ന വിഷയമാണ്. കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ചകള്‍ പിന്നിട്ടു. മലബാറില്‍ പുതിയ സ്ഥിരം ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുക, വിദ്യാര്‍ഥികളുടെ എണ്ണം 50ല്‍ പരിമിതപ്പെടുത്തുക തുടങ്ങി മലബാറിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ശിപാര്‍ശകളിന്മേല്‍ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
അധ്യയനവര്‍ഷാരംഭത്തിന് മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണെന്ന് വെളിപ്പെട്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലും മലബാറില്‍ പുതിയ കോളജുകള്‍ അനുവദിക്കുകയും കോഴ്സുകള്‍ക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന ശ്യാം ബി. മേനോന്‍ കമീഷന്‍ ശിപാര്‍ശകളിലും നടപടിയെടുത്തിട്ടില്ല.
വടക്കന്‍ ജില്ലകളില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തുന്നതില്‍ ഇടതുസര്‍ക്കാറിനും സി.പി.എമ്മിനും നയപരമായ വിയോജിപ്പോ സമ്മര്‍ദമോ ഉണ്ടെങ്കില്‍ അത് കേരളത്തോട് തുറന്നുപറയണം. ഇപ്പോൾ തുടരുന്ന വിവേചനം ഒരിക്കലും അനുവദിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
കേരള അമീര്‍ പി. മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം.ഐ. അബ്ദുല്‍ അസീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ. മുഹമ്മദലി, കെ.എ. യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹകീം നദ്‍വി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.