ഹയർസെക്കൻഡറി പരീക്ഷാബോർഡ്: പേരിലെ പിഴവ് തിരുത്തുമെന്ന് ഉറപ്പ്
text_fieldsതിരുവനന്തപുരം: കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്‌കൂൾ എജുക്കേഷന്റെ (കോബ്‌സെ) വെബ്‌പോർട്ടലിൽ കേരള ഹയർസെക്കൻഡറി പരീക്ഷ ബോർഡിന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയത് ഉടൻ തിരുത്തുമെന്ന് ‘കോബ്സെ’ ജനറൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ചു.
മന്ത്രി നേരിട്ട് ബന്ധപ്പെട്ടതിനെ തുടർന്നാണ് പിഴവ് ഉടൻ തിരുത്താമെന്ന് ജനറൽ സെക്രട്ടറി എം.സി. ശർമയിൽനിന്ന് ഉറപ്പുലഭിച്ചത്. ബോർഡ് ഓഫ് ഹയർസെക്കൻഡറി എക്‌സാമിനേഷൻസ് കേരള എന്നതിനു പകരം കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡിറി എജുക്കേഷൻ എന്നാണ് കോബ്സെ പോർട്ടലിൽ രേഖപ്പെടുത്തിയിരുന്നത്. പോർട്ടലിൽ രേഖപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായ ബോർഡിന്‍റെ പേരിലുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്നെന്ന കാരണത്താൽ ഡൽഹി സർവകലാശാലയുടെ വിവിധ കോളജുകളിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിരസിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പരാതികൾ ഉയർന്നപ്പോൾതന്നെ വിഷയത്തിൽ ഇടപെടാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ ചുമതലപ്പെടുത്തിയിരുന്നു.
മാർച്ച് ഏഴിന് കോബ്സെ ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നടപടിയില്ലാത്തതിനെ തുടർന്ന് സെപ്റ്റംബർ മൂന്നിന് വീണ്ടും കത്ത് നൽകി. എന്നാൽ, സെപ്റ്റംബർ നാലിന് പോർട്ടലിൽ ബോർഡ് ഓഫ് ഹയർ സെക്. എക്‌സാമിനേഷൻ, കേരള എന്ന് തിരുത്തി. ഇതും ശരിയായ രീതിയിൽ അല്ലാത്തതിനാൽ വീണ്ടും വീണ്ടും കത്ത് നൽകി. ഇതിനു പിന്നാലെയാണ് മന്ത്രി നേരിട്ട് കോബ്സെ ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെട്ടതും പിഴവ് ഉടൻ തിരുത്താമെന്ന ഉറപ്പുലഭിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.