ഹയർ സെക്കൻഡറി തസ്തിക നിർണയം: ആശങ്കയിൽ അധ്യാപകർ
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ 25 കുട്ടികളിൽ താഴെ വിദ്യാർഥികൾ പഠിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബാച്ചുകൾ രണ്ടു ഡസനോളം. നാലുവർഷത്തെ കണക്കെടുത്താൽ കുട്ടികളില്ലാതെ പൂട്ടിയ ഹയർ സെക്കൻഡറി ബാച്ചുകളും നിരവധിയുണ്ട്. 25 കുട്ടികളെങ്കിലും ഇല്ലാത്ത ബാച്ചുകളിൽ തസ്തികകൾ ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇത്തരത്തിലുള്ള തസ്തിക നിർണയം ജില്ലയിലെ നല്ലൊരു വിഭാഗം ഹയർ സെക്കൻഡറി അധ്യാപകരെ ആശങ്കയിലാഴ്ത്തും. ഹയർ സെക്കൻഡറിയിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തസ്തിക നിർണയം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമനങ്ങൾ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖലയിൽ നിലവിലെ അധ്യാപകരിൽ പലർക്കും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. എന്നാൽ, തസ്തിക നിർണയം വഴി പുനഃക്രമീകരിക്കുമെന്നാണ് വിശദീകരണം. എയ്ഡഡ് മേഖലയിൽ ഇത് എത്രമാത്രം പ്രാവർത്തികമാകുമെന്നതു പ്രശ്നമാണ്. ഇതേവരെ സംസ്ഥാനത്തെ പത്താംക്ലാസ് വരയൊണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി തസ്തിക നിർണയം നടത്തിയിരുന്നത്. ഹയർ സെക്കൻഡറിയിൽ പുതിയ എയ്ഡഡ് സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും കണക്കുകൾ ശേഖരിച്ചിരുന്നുവെങ്കിലും തസ്തിക നിലനിർത്തുന്നതിന് ഇത് ആവശ്യമായിരുന്നില്ല. ഇനി തസ്തികകൾ നിലനിർത്തുന്നതിനും കുട്ടികളുടെ എണ്ണം അടിസ്ഥാനമാകുകയാണ്.
15 സ്കൂളിലായി 20 ബാച്ച്
2022ലെ പ്ലസ് വൺ പ്രവേശന കണക്കിൽ തന്നെ ജില്ലയിലെ 15 സ്കൂളിലായി 20 ബാച്ചിൽ 25 കുട്ടികളിൽ താഴെയാണ് പ്രവേശനം നേടിയത്. ഇതിൽ 15 സർക്കാർ സ്കൂളുകളും അഞ്ച് എയ്ഡഡ് സ്കൂളുകളുമുണ്ട്. സയൻസ് ബാച്ചുകളിലടക്കം കുട്ടികളെ ലഭിക്കാത്ത സാഹചര്യമുണ്ട്. 2021ൽ 22 ബാച്ചിലും 2020ൽ 23 ബാച്ചിലും 2019ൽ 17 ബാച്ചിലും 25 കുട്ടികളിൽ താഴെയായിരുന്നു. ഹയർ സെക്കൻഡറിയുടെ കണക്കിൽ ജില്ലയിൽ ഇപ്പോഴും 83 വിദ്യാലയങ്ങളുണ്ട്. ഇവയിൽ പലയിടത്തും പ്രവേശനം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. കുട്ടികളെ ലഭിക്കാത്തതു കാരണം ഹയർ സെക്കൻഡറി ബാച്ചുകൾ വേണ്ടെന്നുവെച്ച എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളുണ്ട്. ചില സർക്കാർ സ്കൂളുകളിലും ഹയർ സെക്കൻഡറി ബാച്ചുകൾ നിർത്തി. വഴിപാട് കണക്കേ ഹയർ സെക്കൻഡറി ബാച്ചുകൾ നടത്തിക്കൊണ്ടുപോകുന്ന ചില സർക്കാർ സ്കൂളുകളുമുണ്ട്. വിരലിൽ എണ്ണാവുന്ന കുട്ടികളാണ് ഇത്തരം സ്കൂളുകളിലുള്ളത്. ഇത്തരം സ്കൂളുകളിലേക്ക് അധ്യാപകരെ വർഷങ്ങളായി നിയമിച്ചിട്ടുമില്ല.
അധിക ബാച്ചുകൾ
ഏകജാലക പ്രവേശനം ആയതോടെ ഇഷ്ടവിദ്യാലയങ്ങൾ തേടി കുട്ടികൾ അപേക്ഷ നൽകുകയും അവിടങ്ങളിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണ് പല ബാച്ചുകളും ശോഷിക്കാനിടയാക്കിയത്. ഓരോ ബാച്ചിലും കുട്ടികളുടെ എണ്ണം 50 ആയി നിജപ്പെടുത്തണമെന്ന് നിർദേശമുണ്ടെങ്കിലും സംസ്ഥാനത്ത് പിന്തുടർന്നുവരുന്ന പൊതുതത്ത്വം പാലിച്ച് ഓരോ വർഷവും ബാച്ചുകളിൽ കുട്ടികളുടെ എണ്ണം വർധിപ്പിച്ചു നൽകാറുണ്ട്. കഴിഞ്ഞവർഷം വരെയും അധികബാച്ചുകളും പൊതുവായി അനുവദിച്ചു വന്നിരുന്നു. 2023ൽ മാത്രമാണ് തെക്കൻ ജില്ലകളെ ഒഴിവാക്കി അധിക ബാച്ചുകൾ നൽകിയത്.
ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അധ്യാപക സംഘടനകൾ
കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഒരു ബാച്ചിൽ 25 കുട്ടികൾ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ ധാരാളം അധ്യാപക തസ്തികകൾ ഇല്ലാതാകാനും അനേകം നിയമനങ്ങൾക്ക് പ്രതിസന്ധി ഉണ്ടാകാനും സാധ്യതയുണ്ടെന്ന് സംഘടനകൾ. ഒരു ബാച്ചിൽ 50 ൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന കോടതി ഉത്തരവ് സർക്കാർ നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഹയർ സെക്കൻഡറി ക്ലാസുകളിൽ ഒരു ബാച്ചിൽ പഠിക്കുന്ന കുട്ടികളുടെ പരമാവധി എണ്ണം 50 ആയി നിജപ്പെടുത്തണം. കഴിഞ്ഞ വർഷം ധാരാളം ജില്ലകളിൽ ഓരോ ക്ലാസിലും 65നു മുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചു. നഗരങ്ങളിലെ സ്കൂളുകളിൽ ഇതുമൂലം തൽക്കാലം പ്രതിസന്ധി ഉണ്ടാകില്ലെങ്കിലും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ അനേകം സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് എ.എച്ച്.എസ്.ടി.എ ചൂണ്ടിക്കാട്ടി. കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള തസ്തിക നിർണയം അധ്യാപകർക്കു ജോലി സുരക്ഷിതത്വം നഷ്ടപ്പെടുത്തുമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡന്റ് പി. ചന്ദിനി സെക്രട്ടറി ഡോ. അനിത ബേബി എന്നിവർ അഭിപ്രായപ്പെട്ടു.ഹയർ സെക്കൻഡറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം 25 ആയി നിജപ്പെടുത്താനുള്ള തീരുമാനം മേഖലയിൽ തസ്തിക നഷ്ടം അടക്കം ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കുമെന്നും തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്. പ്രേം എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.