ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലി ഭാരം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലി ഭാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച് ധനവകുപ്പ്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അയച്ച ഫയല്‍ ധനവകുപ്പ് രണ്ടാമതും മടക്കി. ഇതോടെ 2014ല്‍ പുതുതായി ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും തസ്തിക നിര്‍ണയം സങ്കീര്‍ണമായി.
നേരത്തേ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് തസ്തിക നിര്‍ണയത്തിന് തത്ത്വത്തില്‍ അംഗീകാരമായിരുന്നു. തസ്തികകളുടെ എണ്ണം നിശ്ചയിച്ച് നല്‍കിയ ഫയലില്‍ 2016 ജൂലൈ 15ന് ധനവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് യു.ഒ നോട്ട് നല്‍കി. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പുതിയ ജോലി ഭാരം നിര്‍ദേശിക്കുന്നതായിരുന്നു നോട്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാഭ്യാസമന്ത്രി നിലവിലുള്ള ജോലി ഭാരം തന്നെ തുടരണമെന്ന് നിര്‍ദേശിച്ച് ധനവകുപ്പിന് മറുപടി നല്‍കി. ഇതാണ് പഴയ ആവശ്യം ആവര്‍ത്തിച്ച് ധനവകുപ്പ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് തിരിച്ചയച്ചത്. എയ്ഡഡ് സ്കൂളുകളില്‍ മൂന്നുവര്‍ഷത്തിലേറെയായി ജോലി ചെയ്തുവരുന്ന അധ്യാപകരെയും കാലാവധി കഴിയാറായ പി.എസ്.സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ് ധനവകുപ്പിന്‍െറ നടപടിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
3500ല്‍ അധികം അധ്യാപക തസ്തികകളാണ് പുതിയ ഹയര്‍ സെക്കന്‍ഡറികളിലേക്കും ബാച്ചുകളിലേക്കുമായി സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രപ്പോസല്‍ സമര്‍പ്പിച്ചത്. എന്നാല്‍ 2002 നവംബര്‍ 29ന് ഇറങ്ങിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലി ഭാരം നിശ്ചയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് തന്നെ റദ്ദ് ചെയ്യണമെന്ന മറുപടിയാണ് ധനവകുപ്പ് നല്‍കിയത്. നിലവില്‍ ആഴ്ചയില്‍ ഏഴുവരെ പീരിയഡുകള്‍ക്ക് ഒരു ജൂനിയര്‍ തസ്തികയും 25 വരെ പീരിയഡുകള്‍ക്ക് സീനിയര്‍ തസ്തികയും സൃഷ്ടിക്കാം.
1-28 വരെ ഒരു സീനിയറും ഒരു ജൂനിയറും1-56 വരെ രണ്ട് സീനിയറും ഒരു ജൂനിയറും 1-75 വരെ മൂന്ന് സീനിയറും ഒരു ജൂനിയറും എന്ന നിലയിലും തസ്തിക നിര്‍ണയത്തിനാണ് നിലവില്‍ വ്യവസ്ഥ. എന്നാല്‍ ഏഴുവരെ പീരിയഡുകള്‍ക്ക് തസ്തിക വേണ്ടെന്നും ഗെസ്റ്റ് അധ്യാപകന്‍ മതിയെന്നുമാണ് ധനവകുപ്പ് നിര്‍ദേശിച്ചത്. 8-14 വരെ-ഒരു ജൂനിയര്‍ അധ്യാപകന്‍, 15-31 വരെ ഒരു സീനിയര്‍ അധ്യാപകന്‍, 32-45 വരെ ഒരു സീനിയറും ഒരു ജൂനിയറും, 46-62 വരെ രണ്ട് സീനിയര്‍, 63-76 വരെ രണ്ട് സീനിയറും ഒരു ജൂനിയറും, 77-93 വരെ മൂന്ന് സീനിയര്‍, 94 -107 വരെ മൂന്ന് സീനിയറും ഒരു ജൂനിയറും എന്നിങ്ങനെയാണ് ധനവകുപ്പ് നിര്‍ദേശിച്ച ജോലി ഭാരം.
ഇതുപ്രകാരം പുതിയ സ്കൂളുകളിലേക്കും ബാച്ചുകളിലേക്കും വേണ്ട തസ്തികകളുടെ എണ്ണം പുനര്‍നിര്‍ണയിച്ച് പുതിയ പ്രപ്പോസല്‍ നല്‍കാനും ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത് അംഗീകരിക്കാതിരുന്ന വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും പുതിയ സര്‍ക്കാറിന്‍െറ കാലത്തും തസ്തിക നിര്‍ണയത്തിനായി രണ്ടുതവണ പ്രപ്പോസല്‍ സമര്‍പ്പിച്ചു. ധനവകുപ്പ് നിര്‍ദേശിച്ച ജോലി ഭാരപ്രകാരം തസ്തിക സൃഷ്ടിച്ചാല്‍ വിരമിക്കുന്ന തസ്തികയിലേക്ക് പോലും അധ്യാപകരെ നിയമിക്കാനാവാത്ത അവസ്ഥയുണ്ടാകുമെന്നാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. 2002ലെ ഉത്തരവിന് ധനവകുപ്പിന്‍െറയോ മന്ത്രിസഭയുടെയോ, അക്കൗണ്ടന്‍റ് ജനറലിന്‍െറയോ അംഗീകാരമില്ളെന്നും മൂന്ന് പീരിയഡിന് വരെ ഒരു ജൂനിയര്‍ അധ്യാപകനെ നിയമിക്കാമെന്നത് വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമാകുന്നെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.