ഹയർസെക്കൻഡറി സ്ഥലം മാറ്റം; ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ അപ്പീലിന്
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ അപ്പീലിന്. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. ഹൈകോടതിയിൽ അപ്പീൽ നൽകുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.
ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനായി പ്രസിദ്ധീകരിച്ച ഹോം സ്റ്റേഷൻ ട്രാൻസ്ഫർ പട്ടിക, അദേഴ്സ് ട്രാൻസ്ഫർ പട്ടിക എന്നിവയാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്. ഒരു മാസത്തിനകം പട്ടിക പുതുക്കി കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കൂടി കേട്ടശേഷം ജൂൺ ഒന്നിനകം അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് ട്രൈബ്യൂണൽ വിധി. മാതൃജില്ലക്ക് പുറത്തുള്ള സർവിസിലെ സീനിയോറിറ്റി മാതൃജില്ലയിലേക്കുള്ള (ഹോം സ്റ്റേഷൻ) സ്ഥലംമാറ്റത്തിന് മാത്രം പരിഗണിക്കുന്നതായിരുന്നു സർക്കാർ പിന്തുടർന്നിരുന്ന മാനദണ്ഡം. ഇതു ചോദ്യം ചെയ്ത് ഏതാനും അധ്യാപകർ സമർപ്പിച്ച ഹരജിയിലാണ് സർക്കാറിന് തിരിച്ചടി ലഭിച്ചത്. മാതൃജില്ലക്ക് പുറത്തുള്ള സർവിസ് സീനിയോറിറ്റി മാതൃജില്ലക്ക് പുറമെ, പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന വാദം അംഗീകരിച്ചാണ് പട്ടിക പുതുക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.
എന്നാൽ, മാനദണ്ഡത്തിൽ ഈ മാറ്റം വരുത്തുന്നത് ഭാവിയിൽ ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ നടപടികൾ ഒന്നടങ്കം സങ്കീർണമാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ നിലപാട്. ഹയർസെക്കൻഡറി സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡം നിശ്ചയിച്ചുള്ള 2019 മാർച്ച് രണ്ടിലെ ഉത്തരവിലെ അവ്യക്തതയും തിരിച്ചടിയായി. ഔട്ട്സ്റ്റേഷൻ സർവിസിലെ സീനിയോറിറ്റി ഹോം സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റത്തിന് മാത്രമേ പരിഗണിക്കൂവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. സ്ഥലംമാറ്റത്തിന് മുൻഗണന ഔട്ട്സ്റ്റേഷൻ സർവിസിന്റെ ദൈർഘ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് മാത്രമാണ് ഇതുസംബന്ധിച്ച ഉത്തരവിലെ വ്യവസ്ഥ 2 (ii)ൽ പറയുന്നത്. ഈ വ്യവസ്ഥയുടെ ആനുകൂല്യം പരിസര ജില്ലകളിൽ കൂടി ലഭിക്കണമെന്ന അധ്യാപകരുടെ വാദം ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു. ഹൈകോടതിയിലെ സീനിയർ ഗവ. പ്ലീഡർ ഉൾപ്പെടെ ട്രൈബ്യൂണൽ മുമ്പാകെ ഹാജരായി വാദങ്ങൾ നിരത്തിയിട്ടും സർക്കാർ വാദം തള്ളുകയായിരുന്നു.
ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സമ്മർദത്തെ തുടർന്നായിരുന്നു ട്രൈബ്യൂണൽ കേസ് പരിഗണിക്കുന്നതിനിടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനെ നിർബന്ധിതമാക്കിയത്. ഇതു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ കോടതിയലക്ഷ്യ ഹരജിയായും ട്രൈബ്യൂണൽ മുമ്പാകെ എത്തി. ഡയറക്ടറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച ട്രൈബ്യൂണൽ മേയ് 24ന് നേരിട്ട് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. ട്രൈബ്യൂണൽ വിധിക്കെതിരെ സ്റ്റേ സമ്പാദിക്കാനുള്ള വഴിയാണ് വിദ്യാഭ്യാസ വകുപ്പ് ആരായുന്നത്. ട്രൈബ്യൂണൽ നിർദേശിച്ച പ്രകാരമുള്ള സ്ഥലംമാറ്റം സാധ്യമല്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.