ഹയർസെക്കൻഡറി സ്ഥലംമാറ്റം; ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കുലർ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിന്റെ മറവിൽ, കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലർ പിൻവലിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.
സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ ട്രൈബ്യൂണൽ വിധി മറികടന്ന് മേയ് നാലിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനെ ട്രൈബ്യൂണൽ മുമ്പാകെ അധ്യാപകർ ചോദ്യം ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനെ വിളിച്ചുവരുത്തിയ ട്രൈബ്യൂണൽ, സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധിയുടെ ലംഘനമാണ് സർക്കുലറെന്ന് വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയതോടെ സർക്കുലർ പിൻവലിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുകയായിരുന്നു.
നേരത്തേ സ്ഥലംമാറ്റ നടപടികൾ താൽക്കാലികമായി തടഞ്ഞുള്ള ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് വിദ്യാഭ്യാസ വകുപ്പ് അന്തിമസ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കുകയും അധ്യാപകർക്ക് വിടുതൽ അനുമതി നൽകുകയും ചെയ്തത്. ഇതിനെതിരെ ഒരുപറ്റം അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചതോടെ മുഴുവൻ നടപടികളും സ്റ്റേ ചെയ്തു. സ്ഥലംമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിടുതൽ വാങ്ങിയ പലർക്കും ഇതോടെ സ്കൂളുകളിൽ ജോയൻറ് ചെയ്യാൻ പറ്റാതായി. ട്രൈബ്യൂണൽ വിധിക്കെതിരെ അധ്യാപിക ഹൈകോടതിയെ സമീപിച്ച് ഇടക്കാല വിധിയും സമ്പാദിച്ചു. സർക്കാർ ഉത്തരവ് പ്രകാരം നടപ്പായ സ്ഥലംമാറ്റങ്ങളെ ട്രൈബ്യൂണൽ ഉത്തരവ് ബാധിക്കില്ലെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിടുതൽ വാങ്ങുകയും ജോയൻറ് ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത അധ്യാപകർക്ക് മുഴുവൻ പുതിയ സ്കൂളിൽ ജോയൻറ് ചെയ്യാൻ നിർദേശം നൽകി മേയ് നാലിനാണ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയത്.
ഈ സർക്കുലർ ഇപ്പോൾ പിൻവലിച്ചതോടെ, ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ സ്കൂളുകളിൽ ജോയൻറ് ചെയ്തവരുടെ കാര്യത്തിൽ അനിശ്ചിതത്വം ബാക്കിയായി. സ്ഥലംമാറ്റ നടപടികൾ ഒന്നടങ്കം വീണ്ടും സങ്കീർണമായും മാറി. കേസ് വീണ്ടും ഈ മാസം 21ന് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്. നേരത്തേ രണ്ടു സ്ഥലംമാറ്റ പട്ടികകൾ റദ്ദാക്കിയ ട്രൈബ്യൂണൽ, മാതൃജില്ലക്ക് പുറത്തുള്ള ഔട്ട് സ്റ്റേഷൻ സർവിസിലെ സീനിയോറിറ്റി മാതൃജില്ലയിലേക്കും പരിസര ജില്ലകളിലേക്കും പരിഗണിച്ചുള്ള സ്ഥലംമാറ്റ പട്ടിക തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. ഈ വിധി നിലനിൽക്കെയാണ് റദ്ദാക്കിയ പട്ടികയിലെ അധ്യാപകരെ ഹൈകോടതി വിധി വ്യാഖ്യാനിച്ച് പുതിയ സ്കൂളുകളിൽ ജോയൻറ് ചെയ്യാൻ അനുവദിച്ച് സർക്കുലർ പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.