സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടുതലും വൈകീട്ട് ആറിനും ഒമ്പതിനും ഇടയിൽ
text_fieldsമലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് വൈകീട്ട് ആറിനും ഒമ്പതിനും ഇടയിൽ. പൊലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ നാലുവർഷത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാല് വർഷത്തിനിടെ 332 ജീവനാണ് ഇൗ സമയത്ത് മാത്രം നിരത്തുകളിൽ പൊലിഞ്ഞത്.
2020ൽ മൊത്തം 27,877 വാഹനാപകട കേസുകൾ രജിസ്റ്റർ ചെയ്തു. 2979 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ വൈകീട്ട് ആറിനും ഒമ്പതിനും ഇടയിൽ മാത്രം നടന്നത് 6028 വാഹനാപകടങ്ങളാണ്. ഇൗ സമയത്ത് അപകടത്തിൽെപട്ടവരിൽ 645 പേരും മരിച്ചു.
വൈകീട്ട് മൂന്നിനും ആറിനുമിടയിൽ നടന്ന 5667 അപകടങ്ങളിൽ 517 പേരാണ് മരിച്ചത്. രാവിലെ ഒമ്പതിനും 12നുമിടെ 5237 അപകടങ്ങളിലായി 422 പേർക്കും ജീവൻ നഷ്ടമായി. വാഹനങ്ങൾ കുറവായതിനാൽ രാത്രി 12നും പുലർച്ച ആറിനുമിടയിലാണ് അപകടങ്ങൾ ഏറ്റവും കുറവ്. ഇൗ സമയത്ത് 1256 അപകടങ്ങളിലായി 296 പേരാണ് മരിച്ചത്. 2020ൽ ആകെ അപകടങ്ങളിൽ 22,224 പേർക്ക് ഗുരുതരമായും 8,286 പേർക്ക് നിസ്സാരമായും പരിക്കേറ്റു. വൈകീട്ട് ആറിനും ഒമ്പതിനുമിടയിൽ നടന്ന അപകടങ്ങളിൽ 4790 പേർക്ക് ഗുരുതര പരിക്കും 1668 പേർക്ക് നിസ്സാര പരിക്കും പറ്റിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
2019ൽ വൈകീട്ട് ആറിനും ഒമ്പതിനുമിടയിൽ 8465 അപകടങ്ങളിലായി മരിച്ചത് 890 പേരാണ്. 2018ൽ 901 പേരും 2017ൽ 886 പേരും ഇൗ സമയത്ത് മരിച്ചു. റോഡുകളിലെ തിരക്കും മദ്യപിച്ച് വാഹനമോടിക്കലുമാണ് കൂടുതലായി അപകടം വിളിച്ചുവരുത്തുന്നതെന്നാണ് പൊലീസിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.