ഹൈറിച്ച് കേസ്: പ്രതികളുമായി വിജേഷ് പിള്ളക്ക് ഇടപാട്; ചോദ്യം ചെയ്ത് ഇ.ഡി
text_fieldsകൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരനെന്ന് ആരോപണം ഉന്നയിച്ച വിജേഷ് പിള്ളക്ക്, ഹൈറിച്ച് തട്ടിപ്പുകേസിലും ബന്ധം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അന്വേഷണത്തിലാണ് വിജേഷ് പിള്ളയാണ് ഹൈറിച്ച് ഉടമകള്‍ക്ക് ഒ.ടി.ടി പ്ലാറ്റ് ഫോം വിറ്റതെന്ന് വ്യക്തമായത്. വിജേഷ് പിള്ളയെയും ഇ.ഡി ചോദ്യം ചെയ്തു.
ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസുകളുടെ മറവില്‍ 1,157.32 കോടി രൂപയുടെ തട്ടിപ്പാണ് തൃശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ നടത്തിയത്. ഇതില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയുള്ള തട്ടിപ്പും ഉള്‍പ്പെടുന്നു. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരെ രണ്ടാം ദിവസവും ഇ.ഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്.
നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ വിജേഷ് പിള്ള മുഖേന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. തുടര്‍ന്ന്, വിജേഷ് പിള്ളയുടെ കളമശ്ശേരിയിലെ ഓഫിസില്‍ ഇ.ഡി സംഘം റെയ്ഡ് നടത്തിയിരുന്നു. ആരോപണത്തിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ മാനനഷ്ടക്കേസും നല്‍കിയിരുന്നു.
ഗ്രോസറി ഉൽപന്നങ്ങളുടെ വിൽപനക്ക് ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങിയത്. ഇടപാടുകാരന്‍ സോഫ്റ്റ്വെയര് പരിശോധിച്ചാല്‍ 12.39 ലക്ഷം പേർ ഒ.ടി.ടിയിൽ അംഗങ്ങളായുണ്ടെന്നാണ് മനസ്സിലാവുക. എന്നാല്‍, ഈ ഒ.ടി.ടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ മൂന്നുമാസം കൊണ്ട് പതിനായിരത്തോളം ആളുകളേ കണ്ടിട്ടുള്ളൂവെന്ന് വ്യക്തമായി. ഈ ഒ.ടി.ടി പ്ലാറ്റ്ഫോമും അനുബന്ധ സോഫ്റ്റ് വെയറുകളും വിജേഷ് പിള്ളയില്‍ നിന്നാണ് ഇവര്‍ വാങ്ങിയതെന്നാണ് ഇ.ഡി അന്വേഷണസംഘം കണ്ടെത്തിയത്. 40 കോടിയോളം രൂപയുടെ ഇടപാടുകള്‍ ഇവര്‍ക്കിടയില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.