ഹൈറിച്ച് തട്ടിപ്പുകേസ് അന്വേഷണം സി.ബി.ഐക്ക്
text_fieldsതിരുവനന്തപുരം: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ക്രൈംബ്രാഞ്ചുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകൾ ഹൈറിച്ച് ഉടമകൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്.
ഓരോ ദിവസവും കേസുകളുടെ എണ്ണവും തട്ടിപ്പിന്‍റെ വ്യാപ്തിയും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ഡി.ജി.പിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഈ ശിപാർശ പ്രകാരം ഉത്തരവിറക്കിയ ആഭ്യന്തരവകുപ്പ് പ്രൊഫോമ റിപ്പോർട്ട് ഉള്‍പ്പെടെ ഉടൻ കേന്ദ്ര സർക്കാറിന് കൈമാറാൻ ഡി.ജി.പിക്ക് നിർദേശം നൽകി.
മൾട്ടി ലെവൽ ബിസിനസ് മാർക്കറ്റിങ്ങിന്‍റെ മറവിൽ 1600 കോടിയോളം രൂപ വിവിധ വ്യക്തികളിൽനിന്നു ശേഖരിച്ച് ഹൈറിച്ച് ഉടമകൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്‍റെ പേരിൽ വിവിധ ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണത്തിൽ 750 കോടിയുടെ തട്ടിപ്പാണു കണ്ടെത്താനായത്. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്‍റെ എം.ഡി തൃശൂർ ചേർപ്പ് സ്വദേശി കെ.ഡി പ്രതാപനെയും ഭാര്യ സീന പ്രതാപനെയും പ്രതി ചേർത്താണ് കേസെടുത്തിരുന്നത്. അന്വേഷണത്തിനിടെ പ്രതാപൻ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.
അനശ്വരാ ട്രേഡേഴ്‌സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്‌റ്റോ കറൻസി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. ഉപഭോക്താക്കളുടേതായി 1,63,000 ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതിൽനിന്നാണ് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ക്രിപ്‌റ്റോ കറൻസി വ്യാപാരം 80 വിദേശ രാജ്യങ്ങളിൽ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്‍റെ ഒ.ടി.ടിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.