ഹൈറിച്ച് തട്ടിപ്പ്: പരാതി പൊലീസ് ആദ്യം അവഗണിച്ചു; കോടതി ഇടപെട്ടപ്പോൾ ഉണർന്നു
text_fieldsതൃശൂർ: ഹൈറിച്ച് ഓണ്ലൈന് ഷോപ്പി കമ്പനി 1630 കോടിയോളം രൂപയുടെ തട്ടിപ്പെങ്കിലും നടത്തിയിട്ടുണ്ടെന്ന് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ കോടതിയെ അറിയിച്ച ചേർപ്പ് പൊലീസ് ആദ്യഘട്ടത്തിൽ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻപോലും തയാറായിരുന്നില്ല.
ചേർപ്പ് പൊലീസിന്റെ നടപടിക്കെതിരെ തൃശൂർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയും അവഗണിക്കപ്പെടുകയായിരുന്നു. ഒടുവിൽ കോടതി ഇടപെടലിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായത്. പരാതിക്കാരൻ റിട്ട. പൊലീസ് സൂപ്രണ്ടായിട്ടും അടിയന്തര നടപടിക്ക് പൊലീസ് തയാറാകാതിരുന്നത് കമ്പനി ഉടമകൾക്ക് പണം സുരക്ഷിതമായി കടത്താൻ സഹായകമായെന്ന ആരോപണം ശക്തമാണ്.
വെബ്സൈറ്റിൽനിന്ന് ലഭിച്ച വിവരങ്ങളിൽനിന്ന് കമ്പനി പറയുന്ന വരുമാന-ലാഭ സ്കീമുകൾ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം (ബാനിങ്) ആക്ടിലെയും ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട. എസ്.പിയായ വടകര സ്വദേശി പി.എ. വൽസൻ 2023 ജൂലൈ 12ന് ചേർപ്പ് എസ്.എച്ച്.ഒക്ക് പരാതി നൽകിയത്.
പരാതിയിൽ കേസെടുക്കാനാവില്ലെന്ന നിലപാടാണ് എസ്.എച്ച്.ഒ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂർ എസ്.പിക്ക് വൽസൻ പരാതി നൽകി. ഇതിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് തൃശൂരിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ ചുമതലയുള്ള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
കോടതി നിർദേശം വന്നതിനെ തുടർന്നാണ് ചേർപ്പ് എസ്.എച്ച്.ഒ സെപ്റ്റംബർ 18ന് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.