ഹിജാബ് നിരോധനം ശരിവെച്ച വിധി ദൗർഭാഗ്യകരം -മുസ്‌ലിം ലീഗ്
text_fieldsഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധി ദൗർഭാഗ്യകരമാണെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നതാണെന്നും മുസ്‌ലിം ലീഗ് ജനറൽസെക്രട്ടറി പി.എം.എ. സലാം. എങ്കിലും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് ഇപ്പോളും വിശ്വാസമുണ്ടെന്നും ഹിജാബ് വിധിക്കെതിരെ നിയമസാധ്യതകൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് മുസ്ലിം പെൺകുട്ടിയുടെ അവകാശമാണെന്ന് ലീഗ് മുൻ ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അതാത് മതാചാര്യന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണെന്നും അതേ അവകാശം ഹിജാബിനുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനസമൂഹത്തെ ഒന്നാകെ പൊതുധാരയിൽനിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങൾ. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരണം -കെ.പി.എ. മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.