ശിരോവസ്ത്ര വിവാദം: കർണാടക സർക്കാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് കാന്തപുരം
text_fieldsബംഗളൂരു: ശിരോവസ്ത്ര വിഷയത്തിൽ കർണാടക സർക്കാർ ഭരണഘടനക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വിവിധ ജാതികൾക്കും മതങ്ങൾക്കും അവരുടേതായ ആചാരങ്ങൾക്ക് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ, ഇപ്പോൾ കർണാടകയിൽ മുസ്ലിം പെൺകുട്ടികൾക്ക് ചില വിദ്യാലയങ്ങളിൽ ശിരോവസ്ത്രം വിലക്കുന്നു. ശിരോവസ്ത്ര വിലക്കിന് ആധാരമായ വാദം ബാലിശവും ഭരണഘടനാവിരുദ്ധവുമാണ്. സിഖുകാർ അവരുടെ വിശ്വാസപ്രകാരമുള്ള വേഷം ധരിച്ചാണ് എവിടെയും പെരുമാറുന്നത്.
കന്യാസ്ത്രീകൾക്ക് അവരുടേതായ വേഷമുണ്ട്. അവരത് ഉപേക്ഷിക്കുന്നില്ല. മറ്റു മതങ്ങളിലുള്ളവര്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ മുസ്ലിം സ്ത്രീകൾക്കു മാത്രം എന്തിനാണ് വേർതിരിവ്? ശിരോവസ്ത്രം ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗമാണ്. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം നൽകാൻ സർക്കാറും സമൂഹവും തയാറാവണം. ഭരണഘടന അനുസരിച്ചു മുന്നോട്ടു പോയില്ലെങ്കില്‍ എല്ലാം തകരാറിലാകും.
വസ്ത്ര സ്വാതന്ത്ര്യം വിലക്കുന്നത് രാജ്യത്ത് ഏറെ പ്രശ്നങ്ങൾക്കിടയാക്കും. എല്ലാ മതങ്ങളും സമാധാനം കാത്തുസൂക്ഷിക്കണം. ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.
ഇപ്പോഴുയർന്ന വിവാദം ജനങ്ങൾക്കിടയിൽ വൈരാഗ്യവും വെറുപ്പും സൃഷ്ടിച്ചേക്കും. കോടതിയിലുള്ള കേസിൽ തങ്ങളുടെ ഭാഗത്തുനിന്ന് മറ്റു നടപടികൾ ആവശ്യമില്ലെന്നും കാന്തപുരം വ്യക്തമാക്കി. മർകസ് നോളജ് സിറ്റി ഡയറക്ടർ അബ്ദുൽ ഹക്കീം അസ്ഹരിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.