Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കമ്യൂണിസ്റ്റ് പാർട്ടി...

‘കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്‍ലിംകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല, തട്ടമിടാത്തത് പുരോഗമന അടയാളമേയല്ല’ -സി.പി.എം നേതാവിന് മറുപടിയുമായി കെ.ടി. ജലീൽ

text_fields
bookmark_border
‘കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്‍ലിംകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല, തട്ടമിടാത്തത് പുരോഗമന അടയാളമേയല്ല’ -സി.പി.എം നേതാവിന് മറുപടിയുമായി കെ.ടി. ജലീൽ
cancel

മലപ്പുറം: തട്ടമിടാത്തത് പുരോഗമനത്തിൻ്റെ അടയാളമേ അല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്‍ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും മുൻമന്ത്രി കെ.ടി. ജലീൽ. മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സി.പി.എം നേതാവ് അഡ്വ. കെ. അനിൽകുമാറിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുനു അനിൽകുമാറിന്റെ തുറന്നുപറച്ചിൽ. എന്നാൽ, സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് ജലീൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

‘വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും. തട്ടമിടാത്തത് പുരോഗമനത്തിൻ്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദ്ദയിട്ട മുസ്ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സി.പി.ഐ (എം). സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ട.

ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.

ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിംലീഗിൻ്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോർജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്കാരശൂന്യ വാക്കുകൾ ലീഗിൻ്റെ നയമല്ലാത്തത് പോലെ, അഡ്വ: അനിൽകുമാറിൻ്റെ അഭിപ്രായം സി.പി.ഐ എമ്മിൻ്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവർത്തകർക്കും സാഹിത്യ-കലാ -സാംസ്കാരിക നായകർക്കും പത്രമാധ്യമ പ്രവർത്തകർക്കും മത-സാമുദായിക നേതാക്കൾക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകൾ പലപ്പോഴും സംഭവിക്കുന്നത്. അവർ ഏത് രാഷ്ട്രീയ ചേരിയിൽ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിൻ്റെ വൈകാരിക പ്രശ്നങ്ങളിലും ശരിയായ ബോദ്ധ്യത്തിൻ്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തൻ്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യങ്ങൃമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വർഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എൻ്റെ സുഹൃത്തും സി.പി.ഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിൻ്റെ വീട് സന്ദർശിച്ചിരുന്നു. തൻ്റെ ഉമ്മയുടെ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം, ബഹുജന പാർട്ടിയാണ് സി.പി.ഐ (എം).

അത് മറന്ന് ചില തൽപരകക്ഷികൾ അഡ്വ: അനിൽകുമാറിൻ്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ. എമ്മിൻ്റേതാണെന്ന വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേർന്നതല്ല.

ഞങ്ങളുടെ മകൾ സുമയ്യ ബീഗം എം.ബി.ബി.എസ് പൂർത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോർട്ട്ബ്ലയറിലെ കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിലാണ് അവൾ പഠിച്ചത്. നല്ല മാർക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിൻ്റെ "ഫെയർവെൽ സെറിമണി"യിൽ പങ്കെടുക്കാനുമാണ് പോർട്ട്ബ്ലയറിൽ എത്തിയത്. ചടങ്ങിൽ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവൾ പുരോഗമന ചിന്തയിൽ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിൻ്റെ കരുത്ത്.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story