സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന്; ഡി.വൈ.എഫ്.ഐ സമ്മേളനത്തിൽ നേതാക്കൾക്ക് വിമർശനം
text_fieldsപത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ നേതാക്കൾക്കെതിരെ പ്രതിനിധികളുടെ വിമർശനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഖിലേന്ത്യ അധ്യക്ഷൻ എ.എ. റഹീം, നിലവിലെ പ്രസിഡന്‍റ് എസ്. സതീഷ് എന്നിവരുൾപ്പെട്ട കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നെന്ന് തുറന്നടിച്ച പ്രതിനിധികൾ ആതിഥേയ ജില്ലയിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ് കുമാർ എം.എൽ.എയെയും വെറുതെ വിട്ടില്ല.
ശബരിമല ദർശനം പതിവാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ജനീഷിന് രൂക്ഷവിമർശനം. ഇത് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗത്തിൽനിന്ന് ഉണ്ടാകേണ്ട സമീപനമല്ലെന്നായിരുന്നു കോഴിക്കോടുനിന്നുള്ള പ്രതിനിധികളുടെ വിമർശനം. സന്നിധാനത്ത് പോയി കൈകൂപ്പി നിൽക്കുന്നതിലൂടെ എം.എൽ.എ എന്തുസന്ദേശമാണ് നൽകുന്നതെന്നും പ്രതിനിധികൾ ചോദിച്ചു.
സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ മന്ത്രി മുഹമ്മദ് റിയാസും അഖിലേന്ത്യ അധ്യക്ഷൻ എ.എ. റഹീമും സംസ്ഥാന പ്രസിഡന്‍റ് സതീഷും ശ്രമിക്കുന്നെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ഈ മൂന്നുനേതാക്കളും ചേർന്നുള്ള കോക്കസ് പ്രവർത്തിക്കുന്നതായും പൊതുചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ചിലർ ഉപയോഗിക്കുന്നു. സംഘടനയിൽനിന്ന് പുറത്തുപോയ മുഹമ്മദ് റിയാസ് സംഘടനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും കുറ്റപ്പെടുത്തൽ ഉണ്ടായി.
മുതിർന്ന സി.പി.എം നേതാക്കൾക്കുള്ള ഊർജംപോലും കേന്ദ്രനേതൃത്വത്തിന് ഇല്ലെന്നായിരുന്നു മറ്റൊരു വിമർശനം. സംഘടനയുടെ പേരിൽ ചിലർ സ്വന്തം ആവശ്യങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു. തിരുവനന്തപുരത്ത് ക്വട്ടേഷൻ ലഹരി സംഘങ്ങളുമായി ബന്ധമുള്ള ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടിട്ടും സംഘടനക്കുള്ളിൽ ക്വട്ടേഷൻ പിടിമുറുക്കുന്നതായി അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു.
സംഘടനയുടെ പേര് മറയാക്കി ചിലയിടങ്ങളിൽ സാമൂഹികവിരുദ്ധരും പ്രവർത്തിക്കുന്നു. പല തവണ ഇത് കണ്ടെത്തിയിട്ടും തെറ്റുകൾ ആവർത്തിക്കുകയാണ്. സംസ്ഥാന സർക്കാറിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയും വിമർശനമുയർന്നു. സ്വകാര്യമേഖലക്ക് വിദ്യാഭ്യാസം തീറെഴുതിക്കൊടുക്കുന്നതായിരിക്കും സ്വകാര്യ സർവകലാശാലകളെന്നാണ് ഒരുപ്രതിനിധി പറഞ്ഞത്.
വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാർക്കെതിരെയും വിമർശനം ഉണ്ടായി. മാനേജ്മെന്‍റിനെ നിലക്കുനിർത്താൻ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. പൊതുചർച്ചയിൽ മൂന്ന് ട്രാൻസ്ജെൻഡറുകളും ലക്ഷദ്വീപിൽനിന്നുള്ള ഒരാളുമടക്കം 44 പ്രതിനിധികളാണ് സംസാരിച്ചത്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.