‘ജി.എസ്.ടി രജിസ്ട്രേഷൻ പരിധി കോടിയാക്കണം’ -വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ധനമന്ത്രിയെ കണ്ടു
text_fieldsന്യൂഡൽഹി: ജി.എസ്.ടി രജിസ്ട്രേഷനുള്ള നിർബന്ധിത വിറ്റുവരവ് പരിധി 40 ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കോർപറേറ്റ് അനുകൂല സമീപനം മൂലം ചെറുകിട വ്യാപാരമേഖല പ്രതിസന്ധിയിലാണെന്ന് നിവേദനത്തിൽ ബോധിപ്പിച്ചിട്ടുണ്ടെന്നും ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രബജറ്റിൽ കോർപറേറ്റ് കുത്തകകൾക്ക് നികുതിയിളവ് വാരിക്കോരി നൽകിയപ്പോൾ ചെറുകിട വ്യാപാരികൾക്ക് നിരാശ മാത്രമാണ്. വൻകിടക്കാർ നൽകുന്ന വിൽപന വിവരങ്ങളുടെ അടിസ്ഥാനത്തിൽമാത്രം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിർണയിക്കുന്ന സംവിധാനത്തിന് മാറ്റംവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര കുത്തകകൾ ചില്ലറ വിൽപനമേഖലയിൽ ആധിപത്യമുറപ്പിക്കുമ്പോൾ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഭീമന്മാർ ഗ്രാമീണമേഖലയിൽപ്പോലും കടന്നുകയറുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സഹായിക്കാൻ തയാറായില്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാൻ വ്യാപാരികൾ നിർബന്ധിതരാകുമെന്ന് രാജു അപ്സര പറഞ്ഞു.സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തോൽവിക്കിടയാക്കിയത് തദ്ദേശമന്ത്രി എം.ബി. രാജേഷിന്റെ തലക്കനമാണ്.
ചെറുകിട വ്യാപാരമേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമിതി ഉന്നയിച്ച വിഷയങ്ങൾ ചർച്ചചെയ്യാൻ മന്ത്രി തയാറായില്ല. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സമീപനം അനുഭാവപൂർവമായിരുന്നു. കേരളത്തിൽ കോർപറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുന്നയാളാണ് തദ്ദേശമന്ത്രിയെന്നും രാജു അപ്സര കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.