വാമനനെ അധിക്ഷേപിച്ചെന്ന്, ഹിന്ദുഐക്യവേദിയുടെ പരാതിയിൽ കന്യാസ്ത്രീയെ പൊലീസ് സ്റ്റേഷനിൽ മാപ്പുപറയിച്ചു
text_fieldsകോട്ടയം: സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയ ഓണസന്ദേശത്തിലെ വാമന പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് കന്യാസ്ത്രീ. ഇവർ പൊലീസ് സ്റ്റേഷനിലിരുന്ന് മാപ്പ് പറയുന്ന വിഡിയോ ഹിന്ദു ഐക്യവേദി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വിഡിയോക്ക് കീഴിൽ അധ്യാപികക്കെതിരെ അതിരുവിട്ട ആക്ഷേപമാണ് ഉയരുന്നത്.
തിരുവോണദിനത്തിൽ കോട്ടയം നെടുംകുന്നം സെൻറ് െതരേസാസ് ഗേൾസ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ റീത്താമ്മ സി. മാത്യൂസ് നൽകിയ ഓണസന്ദേശമാണ് വിവാദമായത്. ''ചവിട്ടേൽക്കുന്നവെൻറ സുവിശേഷമാണ് ഓണം. ദാനം കൊടുത്തവനെ, ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്ത്തുന്നതിെൻറ കാലാതീത കഥ. കൊടുക്കുന്നവന് ചവിട്ടേൽക്കുേമ്പാൾ, ചവിട്ടുന്നവൻ വാമനനാകുന്നു'' എന്നു തുടങ്ങുന്ന വിഡിയോ സന്ദേശത്തിൽ ഉദാഹരണമായി യേശുവിനെയും ഗാന്ധിജിയെയും എബ്രഹാം ലിങ്കണെയും മദർതെരേസയെയും പരാമർശിക്കുന്നുണ്ട്.
സന്ദേശത്തിൽ വാമനനെക്കുറിച്ച് പറഞ്ഞതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്. തുടർന്ന്, മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്നും ഹിന്ദുദൈവങ്ങളെ ബോധപൂർവം അവഹേളിച്ചു എന്നും കാണിച്ച് ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക് പ്രസിഡൻറ് വി.കെ. അജിത് കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്കൂളിന് മുന്നിലേക്ക് പ്രവർത്തകർ മാർച്ചും നടത്തി. ഇതോടെയാണ് സിസ്റ്റർ സ്റ്റേഷനിലെത്തി മാപ്പ് പറയുകയും എഴുതിക്കൊടുക്കുകയും ചെയ്തത്.
രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്
കോട്ടയം: കന്യാസ്ത്രീയെക്കൊണ്ട് മാപ്പുപറയിക്കുകയും അതിെൻറ വിഡിയോ പകർത്താനനുവദിക്കുകയും ചെയ്ത കറുകച്ചാൽ പൊലീസിനെയും വിഷയത്തിൽ പ്രതികരിക്കാത്ത ക്രൈസ്തവ സഭാമേലധികാരികളെയും ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷമായി വിമർശിച്ച് എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡൻറ് ജസ്റ്റിൻ ജോസഫ് രംഗത്തെത്തി. ''ഇതൊക്കെ അനുവദിച്ചുകൊടുത്ത, നാടിെൻറ സമാധാനാന്തരീക്ഷം പുലർത്താൻ പാടുപെട്ട, ആ സ്റ്റേഷൻ ഓഫിസറുടെ മഹാമനസ്കതയും കാണാതെ പോകരുത്. അങ്ങേര് ഇട്ടിരിക്കുന്ന കാക്കി പാൻറ്സ് ആർ.എസ്.എസ് ശാഖയിൽനിന്ന് ലഭിച്ചതായിരിക്കും. ഇമ്മാതിരി ഉദ്യോഗസ്ഥർക്ക് നാടിെൻറ ക്രമസമാധാനപരിപാലനം നൽകിയാൽ ആർ.എസ്.എസിന് കാര്യങ്ങൾ എളുപ്പമാണ്.''
''ആർ.എസ്.എസ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന ഇവിടത്തെ ക്രൈസ്തവസഭ മേലധികാരികൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. ആഗസ്റ്റ് അഞ്ചിന് മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് പുതിയ ഹിന്ദു രാഷ്ട്രത്തിന് ശിലയിട്ടപ്പോൾ ഒരു വാക്ക് മിണ്ടിയില്ലല്ലോ? മിണ്ടിയാലും ഇല്ലെങ്കിലും ആ രാഷ്ട്രത്തിൽ ഇവിടത്തെ ക്രിസ്ത്യാനികളും ഇല്ല. അതാണ് വസ്തുത. ആ വസ്തുത മറച്ച് മുസ്ലിങ്ങളെപ്പറ്റി ബി.ജെ.പി ഐ.ടി സെൽ പടച്ചു വിടുന്ന നുണകൾ കോർത്തിണക്കി, ബി.ജെ.പി ഉള്ളതുകൊണ്ടാണ് ഇവിടെ മുസ്ലിങ്ങൾ ഒതുങ്ങി നിൽക്കുന്നത് എന്ന് തരത്തിൽ ഉള്ള മെസേജുകൾ ഇടതടവില്ലാതെ അയച്ച് നാട്ടിൽ വെറുപ്പ് ഉണ്ടാക്കുന്ന ക്രിസ്ത്യാനികൾ ഇതൊക്കെ ഓർക്കുന്നത് വളരെ നല്ലതാണ്'' -ജസ്റ്റിൻ ജോസഫ് തെൻറ േഫസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്
കോട്ടയം: ''ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, മാപ്പ് പറയാൻ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. തെൻറ അറിവില്ലായ്മ കൊണ്ടും നാക്കുപിഴ കൊണ്ടും സംഭവിച്ചതാണെന്നാണ് സിസ്റ്റർ പറഞ്ഞത്. മാപ്പ് പറഞ്ഞ് പോസ്റ്റിട്ടാൽ കേസ് പിൻവലിക്കാമെന്ന് പരാതിക്കാർ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതുകൊണ്ട് സിസ്റ്റർ മാപ്പ് പറയാൻ തയാറായി. അവർ തമ്മിൽ പ്രശ്നം ഒത്തുതീർപ്പാക്കിയതോടെ പൊലീസിന് ഇടപെടേണ്ടതുണ്ടായിരുന്നില്ല'' -കറുകച്ചാൽ എസ്.ഐ എ.ജി. സാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.