ബി.ജെ.പിയിൽ രാജി തുടരുന്നു; ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജിവെച്ചു
text_fieldsകൽപറ്റ: കോഴയാരോപണത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം മുറുകുന്നതിനിടെ വയനാട്ടിൽ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്ന് രാജി തുടരുന്നു. ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സജിത്ത് കക്കടം, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി മനോജ് എന്നിവർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്ത യുവമോർച്ച നേതാക്കളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. യുവമോർച്ച നേതാക്കളായ ദീപു പുത്തൻപുര, ലിലിൽ കുമാർ എന്നിവരെയാണ് പുറത്താക്കിയത്.
കുറച്ചു നാളുകളായി പരിവാര്‍ പ്രസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഒരു പ്രവര്ത്തകന് എന്ന നിലയില്‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നതാണ്. ഹിന്ദു ഐക്യവേദിയില്‍ നാളിതുവരെ സമാജ സേവക്കായി ജീവിതം ഉഴിഞ്ഞു വെക്കാന്‍ തയാറായ യുവ നേതാക്കളെ തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പുറത്താക്കിയ നടപടി നീതിയുക്തമായി തോന്നുന്നില്ല. ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് സജിത്ത് കക്കടം ഫേസ്ബുക്കിൽ കുറിച്ചു.
അതിനിടെ, മുൻ കൗൺസിലർ സാബു പഴുപ്പത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റും ബി.ജെ.പിയെ വെട്ടിലാക്കി. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അവഗണിച്ച് അപഹാസ്യരാക്കുന്നത് വയനാട്ടിലെ ബി.ജെ.പിയിൽ ഇതാദ്യമല്ല. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ വിചിന്തനം നടത്താതെ അത്തരം ആളുകളെ മാറ്റിനിർത്താനും ഒതുക്കാനുമാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സി.കെ. ജാനുവിനെതിരെ കോഴ ആരോപണം പ്രസീത അഴിക്കോട് പുറത്തുവിടുന്നതിന് മുമ്പേ സുൽത്താൻ ബത്തേരിയിലെ ബി.ജെ.പി ഘടകത്തിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ മാർച്ച് അവസാന വാരമാണ് എൻ.ഡി.എ ഓഫിസിന് മുന്നിൽവെച്ച് പ്രവർത്തകർ ഏറ്റുമുട്ടിയത്. ജില്ല ജനറൽ സെക്രട്ടറിയുടെ നടപടികളെ ഏതാനും പ്രവർത്തകർ ചോദ്യം ചെയ്തതാണ് ബഹളത്തിനും സംഘർഷത്തിനുമിടയാക്കിയത്.
ജാനുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ ചുക്കാൻ പിടിച്ചത് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ്. മീനങ്ങാടിയിൽ അമിത് ഷാ എത്തിയപ്പോൾ സുൽത്താൻ ബത്തേരി മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ മീനങ്ങാടിയിൽ എത്തി. ഇവരെ കൊണ്ടുപോയ വാഹന വാടക പോലും കൃത്യമായി ലഭിക്കാതെ വന്നതോടെയാണ് ഏതാനും പ്രവർത്തകർ ജനറൽ സെക്രട്ടറിക്കെതിരെ തിരിഞ്ഞത്. ഉന്തും തള്ളും ചെറിയ അടിയുമുണ്ടായി. ഇങ്ങനെ പ്രശ്നം പുകയുന്നതിനിടയിലാണ് പ്രസീത അഴിക്കോട് കോഴ ആരോപണങ്ങളുമായി രംഗത്തു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.