മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം -ഹിന്ദു ഐക്യവേദി സമ്മേളനം
text_fieldsതൃശൂര്‍: സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനും ചിന്തകനുമായ ജെ. നന്ദകുമാര്‍. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംബേദ്കര്‍ ഉള്‍പ്പെടെ ഭരണഘടനാ ശില്പികള് തള്ളിക്കളഞ്ഞ ആശയമാണിത്. മതാടിസ്ഥാനത്തിലുള്ള സംവരണം പട്ടികജാതി-വര്‍ഗ വിഭാഗത്തിൽപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണ്. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ഭരണഘടനയില്‍ സംവരണം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ പ്രബല മതത്തിന് സംവരണം നല്‍കുന്നത് എന്തടിസ്ഥാനത്തിലാണെന്നും നന്ദകുമാര്‍ ചോദിച്ചു. ഇത് അവസാനിപ്പിക്കണം.
ഇല്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിന്റെ തീക്കടല്‍ ഉയരും. ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് പറയുന്നവര്‍ പട്ടിക ജാതി-വര്ഗങ്ങളോട് ചെയ്യുന്നത് മര്യാദയല്ല. കേരളത്തിലെ സാംസ്കാരിക നായകര്‍ക്ക് ഇത് വിഷയമല്ല. അവര്‍ യു.പിയിലും ഗുജറാത്തിലും എന്ത് നടക്കുന്നു എന്നന്വേഷിക്കുകയാണ്. വൈക്കം സത്യഗ്രഹം ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് നടത്തിയതാണെന്നും നന്ദകുമാര്‍ പറഞ്ഞു.
ഇസ്ലാമിക ഭീകരത മാത്രമല്ല കമ്യൂണിസ്റ്റ് ആശയങ്ങളും ഭാരതത്തിന്റെ അഖണ്ഡതക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് പറഞ്ഞു. ഗോഡ്സെയുടെ ഗാന്ധി വധത്തെ ഹിന്ദു സമൂഹം ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല അധ്യക്ഷത വഹിച്ചു. മതങ്ങൾ തമ്മിലെ സംഘട്ടനം രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യമാണെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.
സംവിധായകൻ രാമസിംഹൻ അബൂബക്കറിനെ ആദരിച്ചു. പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ.ബി. ശ്രീകുമാർ, കെ.പി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, പ്രസാദ് കാക്കശേരി എന്നിവരും സംസാരിച്ചു. തെക്കേഗോപുരനടയില്‍ നിന്നാരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി സമ്മേളനവേദിയില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.