വരുന്നൂ 'ഹിന്ദു ബാങ്കു'കൾ; നൂറോളം കമ്പനികൾ ഇതിനകം രജിസ്റ്റർ ചെയ്തു
text_fieldsതിരുവനന്തപുരം: 'ഹിന്ദുവിെൻറ പണം ഹിന്ദുക്കൾക്ക്' മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകൾ ആരംഭിക്കാൻ സംഘ്പരിവാർ. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴിൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് ഇതിനോടകം 100 ഓളം കമ്പനികൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികൾ' എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്.
ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ 100 ഓളം കമ്പനികൾ രജിസ്റ്റർ ചെയ്തെതന്നാണ് വിവരം. ഇതിന് ശേഷം ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ ആരംഭിക്കാനാണ് നീക്കം. മൂന്ന് ഡയറക്ടർമാർ, ഏഴ് അംഗങ്ങൾ, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കിൽ നിയമവിധേയമായി നിധി ലിമിറ്റഡ് കമ്പനി ആരംഭിക്കാം. കമ്പനി ആരംഭിച്ച് ഒരു വർഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ ചേർക്കണമെന്നാണ് നിബന്ധന.
അംഗങ്ങളിൽനിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവർക്കുമാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് നിധി ലിമിറ്റഡ് കമ്പനികളുടെ പ്രത്യേകത. അംഗത്വത്തിന് കെ.വൈ.സി നിബന്ധനകൾ ബാധകമായിരിക്കും. ഈട് വാങ്ങിയുള്ള വായ്പകൾ മാത്രമേ നൽകൂ. കുടുംബശ്രീ, അക്ഷയശ്രീ അംഗങ്ങളെ കമ്പനിയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക വനിതാ യൂനിറ്റ് ലോണും ആർ.എസ്.എസ് ലക്ഷ്യമിടുന്നു.
പദ്ധതിയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനായി ഹിന്ദുസംരക്ഷണ പരിവാർ, ഭാരതീയ ഹിന്ദു പ്രജാസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക കാമ്പയിനും സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണസംഘങ്ങളെക്കാൾ സുതാര്യതയോടുകൂടി എല്ലാ നിക്ഷേപങ്ങൾക്കും ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സ്വർണപണയ വായ്പ, വ്യവസായിക വായ്പ, പ്രതിദിന കലക്ഷൻ വായ്പ, വാഹനവായ്പ എന്നിവ അനുവദിക്കും. സ്ഥിരനിക്ഷേപങ്ങൾക്ക് 12.5 ശതമാനം പലിശയാണ് വാഗ്ദാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.