ഹിന്ദു ഐക്യവേദിയുടെ വിഴിഞ്ഞം മാർച്ചിന് പൊലീസ് അനുമതിയില്ല; പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദി സംഘടന
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാർച്ചിന് പൊലീസ് അനുമതിയില്ല. മാർച്ചിനെ തുടർന്ന് പ്രശ്നങ്ങളുണ്ടായാൽ സംഘടനയായിരിക്കും ഉത്തരവാദിയെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാർച്ച് പ്രഖ്യാപിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് മാർച്ചിന് അനുമതി നിഷേധിച്ചതെന്നാണ് സൂചന.
അതേസമയം, വിഴിഞ്ഞത്ത് ബുധനാഴ്ച കൂടുതൽ പൊലീസ് സേനയെയും വിന്യസിക്കും. ഞായറാഴ്ചത്തെ സംഭവങ്ങൾ സംബന്ധിച്ച അന്വേഷണ നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, സുരക്ഷാക്രമീകരണം, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷൽ ഓഫിസർ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.ആർ. നിശാന്തിനി എന്നിവരുൾപ്പെട്ട പ്രത്യേകസംഘം ചൊവ്വാഴ്ച വിഴിഞ്ഞം സന്ദർശിച്ചിരുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിന് വിധേയമായ പൊലീസ് സ്റ്റേഷനും പരിസരവും സന്ദർശിച്ച സംഘം തുറമുഖ സമരകേന്ദ്രമായ മുല്ലൂരിലും എത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രൂപംനൽകുകയും ചെയ്തിരുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മുല്ലൂരിലും വിഴിഞ്ഞത്തുമായി ചൊവ്വാഴ്ചമാത്രം 400ലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്. ഇത് ബുധനാഴ്ച വീണ്ടും വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.