ഹിന്ദു - മുസ്‍ലിം സംഘടനകൾ ചർച്ച നടത്തിയാൽ എങ്ങനെയാണ് വർഗീയതയാവുക? -കെ. സുരേന്ദ്രൻ
text_fieldsന്യൂഡൽഹി: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വർഗീയ കാർഡാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹിന്ദുസംഘടനകളും മുസ്‍ലിം സംഘടനകളും തമ്മിൽ ചർച്ച നടന്നാൽ എങ്ങനെയാണ് വർഗീയതയാവുന്നതെന്ന് മുഖ്യമന്ത്രി പറയണം. മുട്ടനെയും ചട്ടനെയും തമ്മിൽ അടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കനാണ് പിണറായി വിജയൻ. ഇത്തരം വർഗീയ പ്രചരണം നാല് വോട്ട് കിട്ടാൻ സഹായകരമാവുമെങ്കിലും കേരളത്തിന്റെ അന്തരീക്ഷം മോശമാക്കുമെന്ന് പിണറായി മനസിലാക്കണമെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനദ്രോഹനയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണ്. രാജ്യം മുഴുവൻ സ്വാഗതം ചെയ്ത വിപ്ലവകരമായ തീരുമാനമായിരുന്നു മുത്തലാഖ് നിരോധനം. കോടിക്കണക്കിന് മുസ്‍ലിം സ്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു ഇത്. എന്നാൽ വിവാഹമോചനം നേടുന്ന മുസ്‍ലിംകളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.
ലോകത്ത് ഭൂരിഭാഗം മുസ്‍ലിം രാജ്യങ്ങളും ഉപേക്ഷിച്ച കാടൻ നിയമം കേരളത്തിൽ തിരിച്ചുകൊണ്ടുവരാൻ പിണറായി വിജയൻ ശ്രമിക്കുകയാണ്. മൂന്ന് തലാഖ് ചൊല്ലി മുസ്‍ലിം സ്ത്രീകളെ അനാഥമാക്കുന്നതാണ് കേന്ദ്രസർക്കാർ അവസാനിപ്പിച്ചത്. മുഖ്യമന്ത്രി മതപരമായ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുകയാണ്. മുസ്‍ലിംകളെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണിത്. പിണറായിയുടെ പ്രസ്താവന മതസ്പർധ ഉണ്ടാക്കും. പുരപ്പുറത്ത് കയറി പുരോഗമനം സംസാരിക്കുകയും സ്ത്രീ സമത്വത്തെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്യുന്ന പാർട്ടിയുടെ ഏറ്റവും വലിയ നേതാവിന്റെ നിലവാരമില്ലാത്ത വർഗീയ പ്രസംഗമാണ് കാസർകോട് കണ്ടത്. എംവി ഗോവിന്ദന്റെ ജാഥ കേരളം മുഴുവൻ വർഗീയ സംഘർഷമുണ്ടാക്കാനുള്ളതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മലബാർ ദേവസ്വം ബോർഡിൽ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന ഹൈകോടതി വിധിയെ ബിജെപി സ്വാഗതം ചെയ്യുന്നു. ഇത് ബി.ജെ.പി കാലാകാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഈ വിധി കേരളം മുഴുവൻ നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ഒരിക്കലും നടക്കാത്ത സിൽവർലൈൻ പദ്ധതിയുടെ പേരിൽ 62 കോടി തട്ടിയ സർക്കാർ ജനങ്ങളോട് മാപ്പു പറയണം. ജനങ്ങളുടെ മേൽ അമിതഭാരം കെട്ടിവെക്കുന്ന ഇടത് സർക്കാർ അഴിമതിക്കും ധൂർത്തിനും വേണ്ടി കോടികൾ പൊടിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.