ഹിന്ദുബാങ്ക് വർഗീയ ധ്രുവീകരണത്തിന്; സംഘപരിവാർ ശ്രമം രാഷ്ട്രീയമായും നിയമപരമായും നേരിടണം -ഐസക്
text_fieldsതിരുവനന്തപുരം: ഹിന്ദുബാങ്കിലൂടെ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ ശ്രമം രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പൊളിഞ്ഞുകഴിഞ്ഞപ്പോൾ പുതിയ ഒന്നുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്കിന്‍റെ പ്രതികരണം.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
ഏതാനും ദിവസമായി പത്രങ്ങളിൽ ഒരു വാർത്ത വരുന്നുണ്ട്. ആർഎസ്എസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികൾ ആരംഭിക്കുവാൻ പോവുകയാണത്രെ. കേന്ദ്രസർക്കാർ 2014ൽ രൂപം നൽകിയ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളാണ് നിധി ലിമിറ്റഡ് കമ്പനികൾ. ഹിന്ദുവിന്റെ പണം കൈകാര്യം ചെയ്യാനാണത്രേ ഈ ഹിന്ദു ബാങ്കുകൾ. ഹിന്ദുവിന്റെ പണം ഹിന്ദുക്കൾക്ക് എന്നാണു മുദ്രാവാക്യം. നൂറിലധികം കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പത്രവാർത്തകൾ. കേരളത്തിലെ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പൊളിഞ്ഞുകഴിഞ്ഞപ്പോൾ പുതിയ ഒന്നുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാർ.
"പൊളിറ്റിക്കൽ ഇസ്ലാം മുന്നോട്ടുവയ്ക്കുകയും മുൻധനമന്ത്രി തോമസ് ഐസകും ഇടതുഭരണകൂടവും കഴിഞ്ഞ 15 വർഷമായി പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്ന സാമ്പത്തിക ഇസ്ലാമിന്റെ അൽ ബറക ഇസ്ലാമിക് ബാങ്കിന്" മറുപടിയാണത്രേ ഹിന്ദു ബാങ്ക്. കേരള സർക്കാർ പിന്തുണച്ച ഇസ്ലാമിക് ധനകാര്യ സ്ഥാപനവും ആർഎസ്എസിന്റെ ഹിന്ദു ബാങ്കും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം ഇസ്ലാമിക് ധനകാര്യ സ്ഥാപനം വഴി സമാഹരിക്കുന്ന പണം മുസ്ലിംങ്ങൾക്കു മാത്രമുള്ളതല്ല. ഏതൊരാളുടെയും പലിശയിലധിഷ്ഠിതമല്ലാത്ത നിക്ഷേപത്തിന് ഇത് ഉപയോഗപ്പെടുത്താം. സർക്കാർ ഇതിനു തുനിഞ്ഞതുതന്നെ ഇങ്ങനെ സമാഹരിക്കുന്ന പണം നാടിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ്.
പലിശരഹിതമായി ഇടപാടു നടത്താൻ തൽപ്പരരായ ഒട്ടേറെ മുസ്ലിം വിശ്വാസികൾ കേരളത്തിനകത്തും പുറത്തുമുണ്ട്. വിദേശത്തുള്ള ബഹുരാഷ്ട്ര ബാങ്കുകൾപോലും ഇത്തരം നിക്ഷേപങ്ങൾ ആകർഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ അവരുടെ ബാങ്കുകളിൽ ഏർപ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യയിലും ഇത് ആകാമെന്നു രഘുറാം രാജൻ അധ്യക്ഷനായുള്ള കമ്മിറ്റി റിസർവ്വ് ബാങ്കിനു ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ നടപടി സ്വീകരിച്ചത്. എന്നാൽ ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങൾ മുഴുവൻ പലിശയടിസ്ഥാനത്തിലാണ്. അതുകൊണ്ട് പലിശരഹിത ബാങ്ക് പ്രായോഗികമാവില്ലായെന്നൊരു നിലപാടാണ് പ്രത്യേകിച്ച് ബിജെപി അധികാരത്തിൽവന്നശേഷം സ്വീകരിച്ചത്. അതുകൊണ്ട് ബാങ്ക് ആയിട്ടല്ല ഒരു ബാങ്കിതര ധനകാര്യസ്ഥാപനമായിട്ടാണ് ചേരമാൻ ഫിനാൻഷ്യൽ സർവ്വീസ് ആരംഭിച്ചത്. എന്നാൽ ഇത് ബാലാരിഷ്ടതകൾ ഇപ്പോഴും കടന്നിട്ടില്ല.
ഈ സ്ഥാപനം മുസ്ലിംങ്ങൾക്കു മാത്രമേ നിക്ഷേപം പാടുള്ളൂവെന്നൊരു നിയമം ഇല്ല. ഗുണഭോക്താക്കൾ മുസ്ലിംങ്ങളേ പാടുള്ളൂവെന്നും ഇല്ല. ഡയറക്ടർ ബോർഡിൽ ഹിന്ദുവുമുണ്ട്. നേരത്തേ പറഞ്ഞപോലെ നാടിന്റെ വികസനത്തിനു വിഭവസമാഹരണം നടത്താനുള്ള പരീക്ഷണമാണത്. ഇത് ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ സംഘപരിവാർ ഹിന്ദു ബാങ്കുമായി ഇറങ്ങിയിരിക്കുന്നത്. സഹകരണ അടിസ്ഥാനത്തിലുള്ള സ്ഥാപനത്തിന് ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ലായെന്ന ഇണ്ടാസുമായി കേന്ദ്രം നടക്കുമ്പോഴാണ് പുതിയ സഹകരണ ബാങ്കുകൾ രൂപീകരിക്കുമെന്ന അവകാശവാദം. പണ്ട് ഇന്ത്യാ രാജ്യത്ത് ഹിന്ദു പാനി, മുസ്ലിം പാനി വർഗ്ഗീയവാദികൾ വിതരണം ചെയ്തതുപോലെ കേരളത്തിൽ മതാടിസ്ഥാനത്തിൽ വാണിജ്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സൃഷ്ടിക്കാനുള്ള പരിശ്രമം വിലപ്പോവില്ല. വർഗ്ഗീയവിടവുകൾ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായിട്ടു മാത്രമല്ല, നിയമപരമായും നേരിടേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.