കേരളത്തിലെ ഹിന്ദുക്കൾ ബി.ജെ.പിയെ വിചാരണ ചെയ്യും; മതേതരമൂല്യങ്ങളെ ബലിദാനം നൽകില്ലെന്ന് വി.ഡി. സതീശൻ
text_fieldsതൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയതിന്‍റെ പേരിൽ കേരളത്തിലെ ഹിന്ദുക്കൾ ബി.ജെ.പിയെ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്ഷേത്രം, വിശ്വാസം, ആചാരം, അനുഷ്ഠാനങ്ങൾ എന്തൊരു പ്രസംഗമാണ്. എന്നിട്ടാണോ പൂരം കലക്കാൻ, ഒരു സീറ്റ് ജയിക്കാൻ സി.പി.എമ്മുമായി കൂട്ടികൂടിയതെന്നും സതീശൻ ചോദിച്ചു. പൂരം കലക്കിയതിനെതിരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ സതീശൻ രൂക്ഷവിമർശനം നടത്തിയത്.
ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ കേരളത്തിലെ ജനങ്ങളോടും പ്രത്യേകിച്ച് ഹിന്ദുക്കളോടും മറുപടി പറയേണ്ടി വരും. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനല്ല ആദ്യ പരിഗണനയെന്ന് ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്‍റെ നൂറാം വാർഷികത്തിൽ പറയാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ നിന്നും രാജ്യത്ത് നിന്നും വർഗീയതയെ കുഴിച്ചുമൂടുക എന്നതാണ് ആദ്യ പരിഗണന. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ഒത്തുതീർപ്പിന് തയാറാവില്ലെന്നും സതീശൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ എം.എൽ.എ സീറ്റ് കിട്ടാൻ, എം.പി സീറ്റ് കിട്ടാൻ, ഭരണം കിട്ടാൻ മതേതരമൂല്യങ്ങളെ ബലിദാനം നൽകില്ല. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ ഏതറ്റംവരെയും പോകും. ബി.ജെ.പിയുടെ കാപട്യത്തിന്‍റെ മുഖം കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ അനാവരണം ചെയ്യുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ച പ്രകാരമാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയത്. പൂരദിവസം രാവിലെ മുതല്‍ സിറ്റി പൊലീസ് കമീഷണര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തംകമ്മികള്‍ പോലും വിശ്വസിക്കില്ലെന്നും വി.ഡി. സതീശന് പരിഹസിച്ചു.
പൂരസ്ഥലത്തേക്ക് പോകുന്നതില്‍ നിന്ന് മന്ത്രിമാരെ വിലക്കിയ പൊലീസ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ആംബുലന്‍സില്‍ എത്താന്‍ അകമ്പടി സേവിച്ചു. മുന്നില്‍ പൈലറ്റ് വാഹനം, പിന്നില്‍ എസ്കോര്‍ട്ട് എന്നിങ്ങനെയാണ് അകമ്പടി നല്‍കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും രക്ഷിക്കാന്‍ വേണ്ടിയാണ് വെള്ളിത്താലത്തില്‍ ബി.ജെ.പിക്ക് വിജയം സമ്മാനിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.