ഹിന്ദുസ്ഥാൻ ലാറ്റക്സ് വിൽപന: സംസ്ഥാനത്തിന് തടയിട്ട് കേന്ദ്രം
text_fieldsതിരുവനന്തപുരം: വിൽപനക്ക് വെച്ച കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാറിന് കേന്ദ്രം തടയിട്ടു. സംസ്ഥാന സർക്കാറുകൾക്കോ പൊതുമേഖല സംരംഭങ്ങൾക്കോ ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാന സർക്കാറിനെ ലേലത്തിൽ പങ്കെടുപ്പിക്കാത്തതിൽ നയപരമായ വിയോജിപ്പ് അറിയിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കും. ഹിന്ദുസ്ഥാൻ ലാറ്റക്സ് ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കത്തെ തുടക്കം മുതൽ സംസ്ഥാനം എതിർക്കുകയാണ്.
കേന്ദ്രം നിലപാട് തിരുത്താത്ത സാഹചര്യത്തിൽ ഓഹരി വിൽപനക്കായുള്ള ലേല നടപടികളിൽ പങ്കെടുക്കാൻ വ്യവസായ വികസന കോർപറേഷനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് ഫെബ്രുവരി 24ന് സംസ്ഥാനം ഓഹരി വിൽപന മന്ത്രാലയത്തിന് കത്ത് നൽകി.
എന്നാൽ സർക്കാറിനോ 51 ശതമാനത്തിലേറെ ഓഹരി സർക്കാറിനുള്ള സഹകരണം അടക്കം സ്ഥാപനങ്ങൾക്കോ മറ്റൊരു പൊതുമേഖല വിൽപന ലേലത്തിൽ പങ്കെടുക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇത് നയപരമായ തീരുമാനമാണെന്നും വ്യക്തമാക്കി. ഈ കത്ത് ചർച്ച ചെയ്ത മന്ത്രിസഭ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനം വിൽപന നടത്തുമ്പോൾ ഏറ്റെടുക്കാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെന്ന് നിലപാടെടുത്തു.
ലേല നടപടികളിൽനിന്ന് സംസ്ഥാനെത്ത മാറ്റി നിർത്തുന്നത് ശരിയല്ലെന്നും അറിയിക്കും. ലേല നടപടികളില്‍ സര്‍ക്കാറിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്ര നടപടിയിൽ കടുത്ത വിമർശനം ഉയർന്നു. തുടർന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.
സംസ്ഥാനത്തിനകത്തുള്ള എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും ആസ്തികൾ ഏറ്റെടുക്കാനുമാണ് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യവത്കരിച്ചപ്പോൾ ലേല നടപടികളിൽ സംസ്ഥാനം പങ്കെടുത്തിരുന്നു. കരാർ അദാനി ഗ്രൂപ്പിനാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.