ക്രൈസ്തവര്‍ക്കെതിരായ ഹിന്ദുത്വ വർഗീയ അതിക്രമങ്ങള്‍ നിയന്ത്രണാതീതം -കെ.സി.ബി.സി
text_fieldsകൊച്ചി: ഛത്തീസ്ഗഢിലും മറ്റ് സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നിയന്ത്രണാതീതമാവുകയാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി). ഹിന്ദുത്വ വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ തുടർച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും അവയെ പ്രതിരോധിക്കാനോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനോ ഭരണകൂടങ്ങൾ തയാറാകുന്നില്ല.
ഛത്തീസ്ഗഢിലെ നാരായൺപുരിൽ കത്തോലിക്ക ദേവാലയം അക്രമികൾ തകർത്ത സംഭവം പ്രതിഷേധാർഹമാണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങളോടെ സാധാരണ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടർച്ചയാണ് ഇത്തരം ആക്രമണങ്ങൾ.
നിർബന്ധിത മതപരിവർത്തനം എന്ന ദുരാരോപണം ഉയർത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും മതപരിവർത്തന നിരോധന നിയമങ്ങൾ ദുരുപയോഗിച്ച് നിരപരാധികളെ കേസുകളിൽ അകപ്പെടുത്താനും ശ്രമം നടക്കുന്നു. ഈ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു -വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.