തളർന്നു കിടക്കുന്ന 75കാരനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു; തുണയായത് നാട്ടുകാരുടെ ഇടപെടൽ, മകനെതിരെ കേസെടുത്തു
text_fieldsകൊച്ചി: ഒരുഭാഗം തളർന്നു കിടക്കുന്ന പിതാവിനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി പരാതി. തൃപ്പൂണിത്തുറ എരൂരിലാണ് സംഭവം. 75കാരനായ ഷൺമുഖനെയാണ് മകൻ അജിത്തും കുടുംബവും ഉപേക്ഷിച്ചത്. സംഭവത്തിൽ മകനെതിരെ പൊലീസ് കേസെടുത്തു. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഇതെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്ക് കമ്മിഷൻ നിർദേശം നൽകി. ഷൺമുഖന് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചു.
ഒരു ദിനം മുഴുവൻ ഷൺമുഖൻ വെള്ളമോ ഭക്ഷണമോ കിട്ടാതെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും കിടന്നതായാണ് പറയുന്നത്. വിഷയം വീട്ടുടമയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പുറംലോകം വിവരമറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ടാണ് മകനും കുടുംബവും വീട്ടിൽനിന്നു പോയതെന്നാണ് മനസിലാക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടും ഇവർ എത്താതിരുന്നതോടെ അയൽവീട്ടുകാർ വീട്ടുടമയെ അറിയിച്ചു. ഇതിനിടെ, നാട്ടുകാർ ഇതിനിടെ ഭക്ഷണം നൽകി. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മകനെ ബന്ധപ്പെട്ടപ്പോൾ താന്‍ വേളാങ്കണ്ണിയിലാണ് എന്നാണ് അറിയിച്ചതെന്നും ഇത് വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു.
നഗരസഭാ അധികൃതരും പാലിയേറ്റീവ് പ്രവർത്തകരും ഇടപെട്ട് ഇന്ന് രാവിലെ ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാനും പ്രദേശത്തെ കൗൺസിലറുമായ കെ.കെ. പ്രദീപ് കുമാറും പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.