ഗവർണർ രാഷ്ട്രീയം പറഞ്ഞപ്പോഴാണ് തടസപ്പെടുത്തിയത് -ഇർഫാൻ ഹബീബ്
text_fieldsകണ്ണൂർ: കേരളാ ഗവർണർ രാഷ്ട്രീയം പറയാൻ ശ്രമിച്ചപ്പോഴാണ് തടസപ്പെടുത്തിയതെന്ന് ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബ്. അഖിലേന്ത്യ ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല. എന്നെ തടസപ്പെടുത്താനാണ് കേരളാ പൊലീസ് ശ്രമിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ചരിത്രകാരന്‍റെ കടമയാണ്. പൊലീസിന് ചരിത്ര കോൺഗ്രസിൽ ഇടപെടാൻ അധികാരമില്ല. സമ്മേളന പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതും തെറ്റാണ്. ഗവർണറുടെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ഇർഫാൻ ഹബീബ് മാധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ നടന്ന അഖിലേന്ത്യ ചരിത്ര കോൺഗ്രസ് സമ്മേളന ഉദ്ഘാടനവേദിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതേത്തുടർന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക് ഉദ്ഘാടന പ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു.
വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോൺഗ്രസിന്‍റെ സ്ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബും ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. സമ്മേളന പ്രതിനിധികളും സദസ്സിൽ പ്രതിഷേധമുയർത്തി. പ്രതിഷേധിച്ചവരെ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ജനപ്രതിനിധികൾ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.