ചരിത്രം തിരുത്തിയ കമീഷൻ
text_fieldsകൊച്ചി: ജുഡീഷ്യൽ കമീഷനുകളുടെ ചരിത്രം തിരുത്തിക്കുറിച്ചു എന്നതാണ് സോളാർ കമീഷെൻറ പ്രത്യേകത. കത്തിനിന്ന നാടകീയതകളിലൂടെ അന്വേഷണത്തിെൻറ ഒാരോ ഘട്ടവും വാർത്തകളിൽ ഇടംപിടിച്ചതും കമീഷൻ പ്രവർത്തനങ്ങളെ വേറിട്ട് നിർത്തുന്നു. ടീം സോളാർ കമ്പനിയുടെ പേരിൽ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചേർന്ന് നടത്തിയ തട്ടിപ്പുകളും അനുബന്ധ സാമ്പത്തിക ഇടപാടുകളും ഇതിൽ ഉന്നതരുടെ പങ്കും അന്വേഷിക്കാൻ 2013 ഒക്ടോബർ 27നാണ് കമീഷനെ നിയോഗിച്ചത്. പിന്നാക്ക സമുദായ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി. ശിവരാജനെ ചെയർമാനായി നിയോഗിച്ചു.
2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഉമ്മൻ ചാണ്ടിയെ പല തവണയായി 56 മണിക്കൂറും സരിതയെ 18 തവണയായി 66 മണിക്കൂറും വിസ്തരിച്ചു. നാല് വർഷത്തിനിടെ 343 സിറ്റിങ്. 214 സാക്ഷികളിൽനിന്ന് മൊഴിയെടുത്തു. 8464 പേജായിരുന്നു സാക്ഷിമൊഴി. 972 രേഖകൾ പരിശോധിച്ചു. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനുമടക്കം പ്രമുഖർ മൊഴി നൽകി.
2016 ജനുവരി 25ന് തുടർച്ചായി 15 മണിക്കൂറിലധികം മൊഴി നൽകിയ ഉമ്മൻ ചാണ്ടി ജുഡീഷ്യൽ കമീഷന് മുന്നിൽ തെളിവെടുപ്പിന് ഹാജരായ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി. നാടകീയ മുഹൂർത്തങ്ങൾക്കാണ് കമീഷൻ തെളിവെടുപ്പുകൾ സാക്ഷ്യം വഹിച്ചത്. 2015 ഡിസംബർ ഒന്നിന് കമീഷന് മുന്നിലെത്തിയ ബിജു രാധാകൃഷ്ണൻ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താനുണ്ടെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു. ചില രാഷ്ട്രീയ നേതാക്കളുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ സീഡി ഡിസംബർ 10ന് ഹാജരാക്കുമെന്നും ബിജു പ്രഖ്യാപിച്ചു. സീഡി കോയമ്പത്തൂർ ശെൽവപുരത്തെ ബന്ധുവീട്ടിലാണെന്ന് പറഞ്ഞതിനെതുടർന്ന് കമീഷൻ നിയോഗിച്ച സംഘത്തോടൊപ്പം ബിജുവിനെ രാത്രി 10ന് ശെൽവപുരത്ത് തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ, ബന്ധുവിെൻറ വീട്ടിലെ സഞ്ചിയിൽനിന്ന് ലഭിച്ചത് ഏതാനും സിംകാർഡും ഒരു സീലും ബിജുവിെൻറ സർട്ടിഫിക്കറ്റുകളും മാത്രമായിരുന്നു.
2015 ഡിസംബർ 15നാണ് സരിതയെ വിസ്തരിച്ചത്. ജയിലിൽ പ്രസവിച്ച കുഞ്ഞിെൻറ പിതാവ് ആരാണെന്ന കമീഷെൻറ ചോദ്യത്തിന് മുന്നിൽ വ്യക്തിപരമായ കാര്യമായതിനാൽ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞ് സരിത പൊട്ടിക്കരഞ്ഞു. ഭൂചലനം മൂലം സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രനും പി.സി. ജോർജിനും മൊഴി നൽകൽ പൂർത്തിയാക്കാനാവാതെ വന്നതും വാർത്തയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.