തെരഞ്ഞെടുപ്പ് കേസുകളുടെ ചരിത്രം; അപൂർവതയായി ദേവികുളം
text_fieldsമൂന്നാർ: എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കുമ്പോൾ തെരഞ്ഞെടുപ്പ് കേസുകളുടെ ചരിത്രത്തിലെ അപൂർവതകൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ദേവികുളം മണ്ഡലം. സംസ്ഥാനത്ത് ആദ്യമായി തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഒരു എം.എൽ.എക്ക് അയോഗ്യത കൽപിച്ചതും ദേവികുളം മണ്ഡലത്തിലായിരുന്നു.
1957ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐയിലെ റോസമ്മ പുന്നൂസിന്റെ വിജയമാണ് അന്നത്തെ തെരഞ്ഞെടുപ്പ് ട്രൈബ്യൂണൽ അസാധുവാക്കിയത്. അക്കാലത്ത് ദ്വയാംഗ മണ്ഡലമായിരുന്നു ദേവികുളം. ജനറൽ സീറ്റിൽ റോസമ്മയും എസ്.സി വിഭാഗത്തിൽ കോൺഗ്രസിലെ എൻ. ഗണപതിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ബി.കെ. നായരുടെ പത്രിക തള്ളിയതിനെ തുടർന്ന് എതിരില്ലാതെയായിരുന്നു റോസമ്മയുടെ വിജയം. എന്നാൽ, തന്റെ പത്രിക സാധുവായിട്ടും തള്ളിയെന്ന് ചൂണ്ടിക്കാട്ടി ബി.കെ. നായർ തെരഞ്ഞെടുപ്പ് ട്രൈബ്യൂണലിനെ സമീപിച്ചു. തുടർന്നാണ് റോസമ്മയുടെ വിജയം അസാധുവാക്കിയത്. റോസമ്മ അപ്പീൽ നൽകിയെങ്കിലും തള്ളി.
തുടർന്ന് 1958 മേയ് 16ന് നടന്ന ഉപതെരഞ്ഞെടുപ്പിലും എതിരാളി ബി.കെ. നായരായിരുന്നു. എന്നാൽ, 7089 വോട്ടിന്റെ ഭൂരിപക്ഷത്തിൽ റോസമ്മ ജയിച്ചു. അന്ന് വി.എസ്. അച്യുതാനന്ദനാണ് റോസമ്മയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. സംഗീത സംവിധായകൻ ഇളയരാജവരെ റോസമ്മക്കായി പ്രചാരണത്തിന് ദേവികുളത്ത് എത്തിയിരുന്നു.
സി.പി.എം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സുപ്രീംകോടതിയില്‍ എ. രാജ ചൊവ്വാഴ്ചതന്നെ അപ്പീല്‍ നല്‍കും.
നിയമസഭ സമ്മേളനം നടക്കുന്നതിനിടെ ഹൈകോടതി ഉത്തരവെത്തിയത് സി.പി.എമ്മിനും തിരിച്ചടിയായി. എതിരാളികൾക്ക് രാഷ്ട്രീയ ആയുധമായി മാറുന്നതിനുമുമ്പ് നിയമപരമായി വിഷയം കൈകാര്യം ചെയ്യണമെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റിലുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് അപ്പീൽ നൽകാൻ നിർദേശം നൽകിയത്. കോടതിവിധി പഠിച്ചശേഷം തുടർനടപടിയെന്നാണ് അയോഗ്യനാക്കപ്പെട്ട എ. രാജ പ്രതികരിച്ചത്. ഉത്തരവിനെതിരെ മേൽകോടതിയെ സമീപിക്കാൻ രാജക്ക് അവസരമുണ്ട്. അതിൽ തീരുമാനമാകും വരെ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം. ഇക്കാര്യങ്ങളാകും രാജ സുപ്രീംകോടതിയിൽ ഉന്നയിക്കുക. ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി വിഷയം ഏറെ വിവാദമുണ്ടാക്കിയിരുന്നു. പാർട്ടിയിലെ എതിർപ്പ് പരിഗണിക്കാതെയായിരുന്നു രാജയുടെ സ്ഥാനാർഥിത്വം. ഈ സാഹചര്യത്തിലാണ് സി.പി.എം വിഷയത്തെ ഗൗരവത്തോടെ കാണുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിരോധ ജാഥ വൻവിജയമായിരുന്നെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി. ജാഥക്ക് ലഭിച്ച സ്വീകരണങ്ങളും ജനപങ്കാളിത്തവും പാർട്ടിക്കും സർക്കാറിനുമുള്ള ജനപിന്തുണ വർധിപ്പിക്കുന്നതാണെന്നും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.